'ഇങ്ങനെ പോയാൽ ബദൽവഴി നോക്കേണ്ടിവരും'; ദേവസ്വം മരാമത്തിന് രൂക്ഷ വിമർശനം; യോഗം വൈകിയതിലും അതൃപ്തി

#ന്യൂസ് ഡെസ്ക്
• ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് തുടങ്ങാൻ വൈകിയതിനെത്തുടർന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് സംസാരിക്കുന്നു
• ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് തുടങ്ങാൻ വൈകിയതിനെത്തുടർന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് സംസാരിക്കുന്നു

തിരുവനന്തപുരം: ശബരിമലയിലെ മരാമത്ത് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ ദേവസ്വം മരാമത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ രൂക്ഷവിമർശനം. നിലവിലെ സ്ഥിതി തുടർന്നാൽ ബദൽമാർഗം ആലോചിക്കാൻ നിർബന്ധിതമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു ചേർന്ന അവലോകനയോഗത്തിന്റെ അവസാനഘട്ടത്തിലാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി മരാമത്ത് വിഭാഗത്തിനെതിരേ തിരിഞ്ഞത്.

മന്ത്രിമാരും വകുപ്പുമേധാവിമാരും തീർഥാടനത്തിന് സ്വീകരിച്ച നടപടി വിശദീകരിച്ചശേഷം യോഗം അവസാനിക്കാറായപ്പോൾ ‘എനിക്ക് ഒരു കാര്യം പറയാനുണ്ട്’ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയോടെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീർഥാടനം ആരംഭിക്കുന്നതിന്റെ തലേന്നുവരെ നിർമാണ, അറ്റകുറ്റപ്പണി ജോലി തുടരുന്ന രീതി മാറ്റിയേ പറ്റൂവെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനിയറെ നോക്കി മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു.

മന്ത്രിമാരായ കെ. മുരളീധരൻ, പി.കെ. ബഷീർ, സി.പി. ജോൺ, കെ.എം. ഷാജി, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ പി.ഡി. സന്തോഷ് കുമാർ, കെ. രാജു, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം എന്നിവരും വകുപ്പ് മേധാവിമാരും യോഗത്തിൽ പങ്കെടുത്തു.

യോഗം അവസാനിച്ചശേഷം മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ദേവസ്വം സെക്രട്ടറിയും മാത്രമായി പ്രത്യേക ചർച്ചനടത്തി.

യോഗം തുടങ്ങാൻ വൈകിയതിലും അതൃപ്തി

തൈക്കാട് ഗസ്റ്റ്ഹൗസിൽ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗം തുടങ്ങാമെന്നുള്ള വിവരം മുഖ്യമന്ത്രിയെ അറിയിച്ചത് 11.10-ഓടെയായിരുന്നു. 11.20-ന് മുഖ്യമന്ത്രി യോഗസ്ഥലത്തെത്തി. താൻ 10.30-നുതന്നെ തയ്യാറായിരുന്നുവെന്നും ഇത്രയും വൈകിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ചോദിച്ചു. മന്ത്രിമാർ എത്താതിരുന്നതിനാലാണ് യോഗം നീട്ടേണ്ടിവന്നതെന്നാണ് വിവരം.

Content Highlights: Chief Minister criticized the Devaswom Maramath department for delayed Sabarimala works., Warned that alternative measures will be considered if the current situation continues., Stressed that maintenance and construction work must not drag on until the eve of the pilgrimage.