മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലക്കാരനായി എം.വി. ജയരാജന്‍ തിരിച്ചെത്തുമോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായതോടെ പകരം ആരെന്ന ചര്‍ച്ച സജീവമായി. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇതുവരെ പകരക്കാരനെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് ഒരുവര്‍ഷംമാത്രം ശേഷിക്കെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലക്കാരന് ഏറെ പ്രാധാന്യമുണ്ട്. പഴയ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ തിരിച്ചെത്തുമോയെന്നാണ് ഉയരുന്ന ചോദ്യം. രാഷ്ട്രീയനിയമനമില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥപദവി വഹിച്ചവരെയാകും പരിഗണിക്കുക.
ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് എം.വി. ജയരാജനെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി നിയമിച്ചത്. പി. ജയരാജന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര സ്ഥാനാര്‍ഥിയായപ്പോഴായിരുന്നു ഈ ചുമതലമാറ്റം. പകരം രാഷ്ട്രീയനിയമനമുണ്ടായില്ല. മുന്‍ ആദായനികുതി കമ്മിഷണര്‍ ആര്‍. മോഹനനെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടരുന്നതിനാലാണ് ഉദ്യോഗസ്ഥപരീക്ഷണത്തിന് അന്ന് തയ്യാറായത്.
രണ്ടാം പിണറായിസര്‍ക്കാര്‍ വന്നപ്പോള്‍ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് സിപിഎം പെരുമാറ്റച്ചട്ടം കൊണ്ടുവന്നു. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ രാഷ്ട്രീയനിയമനമായിരിക്കണമെന്ന് തീരുമാനിച്ചു. ധനം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ക്കാണ് ഇതില്‍ ഇളവുനല്‍കിയത്. കെ.കെ. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയത് അങ്ങനെയാണ്. പുത്തലത്ത് ദിനേശന്‍ സെക്രട്ടേറിയറ്റ് അംഗമാവുകയും ദേശാഭിമാനിയുടെ പത്രാധിപച്ചുമതല ഏറ്റെടുക്കുകയുംചെയ്തപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയും വന്നു.
പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളെ പൊതുവേ മന്ത്രിമാരുടെ ഓഫീസുകളില്‍ നിയമിക്കാറില്ല. എം.വി. ജയരാജന്‍ നേരത്തേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചതും മാധ്യമങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയതും അദ്ദേഹം വീണ്ടുമെത്താനുള്ള സാധ്യത കൂട്ടുന്നു. പി. ശശിക്കുതന്നെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലനല്‍കുക എന്നതാണ് മറ്റൊരുസാധ്യത.
ഭരണപരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നതെങ്കില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. വേണുവിന്റെ പേരിനാണ് മുന്‍തൂക്കം. ചീഫ് സെക്രട്ടറിസ്ഥാനത്തിരുന്ന ഒരാള്‍ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടുമെത്തുന്നതിലെ അനൗചിത്യമുയരുന്നുണ്ട്. വേണുവില്ലെങ്കില്‍ പഴയ പ്രൈവറ്റ് സെക്രട്ടറി ആര്‍. മോഹനന്‍ വീണ്ടുമെത്തിയേക്കാം.
മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം കാബിനറ്റ് പദവിയോടെ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന തസ്തികയില്‍ പ്രത്യേക ചുമതല വഹിക്കുന്നുണ്ട്.
കണ്ണൂരില്‍ തലമുറമാറ്റം
കണ്ണൂര്‍: എം.വി. ജയരാജന്റെ പിന്‍ഗാമിയായി കെ.കെ. രാകേഷ് ജില്ലാ സെക്രട്ടറിയായതോടെ കണ്ണൂരില്‍ സിപിഎമ്മിന്റെ തലപ്പത്ത് തലമുറമാറ്റം. പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള ആധിപത്യമാണ് കണ്ണൂരില്‍ സിപിഎമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറി നിയമനത്തിലൂടെ വ്യക്തമാകുന്നത്. എം.പ്രകാശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ എം.വി.ജയരാജനാണ് കെ.കെ.രാഗേഷിന്റെ പേര് നിര്‍ദേശിച്ചത്. 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു.
എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ രാഗേഷ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ആദ്യ മലയാളിയാണ്. 2015-ല്‍ കേരളത്തില്‍നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ഷികബില്ലിനെതിരായ സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 2020-ല്‍ പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ ചില്‍ഡ്രന്‍ അവാര്‍ഡും ലഭിച്ചു. 2021-ല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി.
കാഞ്ഞിരോട്ട് സി.ശ്രീധരന്റെയും കെ.കെ.യശോദയുടെയും മകനായി 1970 മേയ് 13-നാണ് ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്. 'സ്വാശ്രയനിയമം: പ്രതീക്ഷയും പ്രതിരോധവും' എന്ന പേരില്‍ പുസ്തകവും രചിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലാ നീലേശ്വരം കാംപസിലെ മലയാളം അധ്യാപിക പ്രിയ വര്‍ഗീസാണ് ഭാര്യ. ശാരിക, ചാരുത എന്നിവര്‍ മക്കളാണ്.
Content Highlights: chief minister pinarayi vijayan private secretary-MV Jayarajan maybe return