മുഖ്യമന്ത്രിയുടെ കട്ടൗട്ടടങ്ങിയ ഫ്‌ളക്‌സ്: നടപടി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി

#ബിനില്‍ / മാതൃഭൂമി ന്യൂസ്
സെക്രട്ടേറിയേറ്റിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ട്‌, കേരള ഹൈക്കോടതി
സെക്രട്ടേറിയേറ്റിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ട്‌, കേരള ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ കട്ടൗട്ടടക്കം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പൊതുനിരത്തില്‍ സ്ഥാപിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയ്‌ക്കെതിരെ ഹൈക്കോടതി. ഇടത് സംഘടനാ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഇവര്‍ക്കെതിരായ നടപടി അറിയിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി നടപടി അറിയിക്കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിട്ടുള്ളത്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസ് മേധാവിയോടും നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുനിരത്തില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതിയുത്തരവ് കാറ്റില്‍പ്പറത്തിയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയുടെ കൂറ്റന്‍ ഫ്‌ളക്സ് ബോര്‍ഡ് വെച്ചത്. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിന് സമീപമാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ടോട് കൂടിയ ബോര്‍ഡ് നടപ്പാതയില്‍ സ്ഥാപിച്ചത്. സി.പി.എം. അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ബോര്‍ഡ് സ്ഥാപിച്ചത്.സംഭവം വിവാദമായതോടെ ബോര്‍ഡ് മാറ്റാന്‍ കോര്‍പ്പറേഷന്‍, അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഭാരവാഹികള്‍ ബോര്‍ഡ് മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ കോര്‍പ്പറേഷന്‍ ജീവനക്കാരെത്തി ബോര്‍ഡ് മാറ്റി. ഓഫീസ് അവധിയായതിനാല്‍ പിഴയ്ക്കുള്ള നോട്ടീസ് നല്‍കിയിട്ടില്ല. 5000 രൂപ പിഴ ഈടാക്കാന്‍ ബുധനാഴ്ച നോട്ടീസ് നല്‍കും. കൂടാതെ നിയമലംഘനത്തിനുള്ള എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കന്റോണ്‍മെന്റ് പോലീസിലും കത്ത് നല്‍കും. വ്യാഴാഴ്ച നടക്കുന്ന സംഘടനയുടെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടതായിരുന്നു ബോര്‍ഡ്. മുഖ്യമന്ത്രിക്ക് പുറമേ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എല്‍.എ.യുടെ ചിത്രവും ബോര്‍ഡിലുണ്ടായിരുന്നു.

Content Highlights: Chief minister's cutout infront of secretariat: Kerala high court against pro-CPM organization