മനഃസമാധാനം, സത്യം ജയിച്ചു; ജാമ്യം ലഭിച്ചതിൽ ആനന്ദാശ്രുക്കളോടെ കന്യാസ്ത്രീകളുടെ ഉറ്റവർ, കേസ് നാൾവഴി

സിസ്റ്റർ പ്രീതിമേരിയുടെ പിതാവ്, സിസ്റ്റർ വന്ദനാ ഫ്രാൻസീസിന്റെ സഹോദരൻ
സിസ്റ്റർ പ്രീതിമേരിയുടെ പിതാവ്, സിസ്റ്റർ വന്ദനാ ഫ്രാൻസീസിന്റെ സഹോദരൻ

മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ സിസ്റ്റര്‍മാരായ പ്രീതിമേരിക്കും വന്ദനാ ഫ്രാന്‍സിസിനും ഒന്‍പതാം നാള്‍ ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് ഇന്നുതന്നെ പുറത്തെത്താം. 

സമാധാനമായി, മനഃസമാധാനമായി... ഒന്നും പറയാനില്ലെന്ന് ആയിരുന്നു സിസ്റ്റര്‍ പ്രീതി മേരിയുടെ പിതാവിന്റെ പ്രതികരണം. പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദൈവത്തോട് നന്ദി പറയുന്നെന്ന് സിസ്റ്റര്‍ പ്രീതിമേരിയുടെ മറ്റൊരു ബന്ധു പറഞ്ഞു. ഒപ്പംനിന്ന എല്ലാ ഭരണാധികാരികളോടും സഭാ നേതൃത്വത്തോടും നന്ദി. സംഭവം അറിഞ്ഞ അന്നുമുതല്‍ ഒപ്പംനിന്ന അങ്കമാലി എംഎല്‍എ റോജി എം. ജോണിന് നന്ദി. ഇതുപോലൊരു അനുഭവം ഒരു പ്രേഷിതര്‍ക്കും ഉണ്ടാകരുതെന്നും സിസ്റ്ററിന്റെ ബന്ധുക്കള്‍ അങ്കമാലിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. 

വലിയ സന്തോഷം. എല്ലാവര്‍ക്കും നന്ദിയെന്നായിരുന്നു സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസിന്റെ സഹോദരന്‍ ജോസഫിന്റെ പ്രതികരണം. സത്യം ജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിലാസ്പുരില്‍ എന്‍ഐഎ കോടതി പരിസരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കന്യസ്ത്രീകളുടെ അറസ്റ്റ് നാള്‍വഴികള്‍

  • ജൂലായ് 25-ാം തീയതി ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകള്‍ അറസ്റ്റിലാകുന്നത്. 
  • ജൂലായ് 29- ദുര്‍ഗ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഗുരുതര വകുപ്പുകളായതിനാല്‍ സെഷന്‍സ് കോടതിയെ സമീക്കണമെന്നതിനാലാണ് ഹര്‍ജി തള്ളിയത്. 
  • ജൂലായ് 30- സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി. കന്യാസ്ത്രീകള്‍ക്കെതിരായ കുറ്റപത്രത്തില്‍ മനുഷ്യക്കടത്തുകൂടി ഉള്ളതിനാല്‍ എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 
  • ഓഗസ്റ്റ് 2- ബിലാസ്പുരിലെ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചു. ആള്‍ജാമ്യം ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 

ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ അംഗങ്ങളാണ് സിസ്റ്റര്‍ പ്രീതിമേരിയും സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സീസും. അങ്കമാലി, കണ്ണൂര്‍ സ്വദേശികളാണിവര്‍.

ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഒരു സംഘമാളുകൾ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമാണ് ഉണ്ടായത്.

Content Highlights: chhattisgarh nun arrest bail nia court family response