തറയ്ക്കടിയിൽ നിന്ന് 'രക്തം' പരന്നൊഴുകി, അമ്പരന്ന് നാട്ടുകാർ; അത് രക്തമല്ലെന്ന്‌ ആരോഗ്യവകുപ്പ്

രക്തനിറമുള്ള ദ്രാവകം തണ്ണീർമുക്കം കട്ടച്ചിറയിലെ കടയുടെ തറയിൽ പരന്നപ്പോൾ, പരന്നൊഴുകിയ ദ്രാവകം തുടച്ചുമാറ്റുന്ന കടയുടമ കെ.കെ. തമ്പി
രക്തനിറമുള്ള ദ്രാവകം തണ്ണീർമുക്കം കട്ടച്ചിറയിലെ കടയുടെ തറയിൽ പരന്നപ്പോൾ, പരന്നൊഴുകിയ ദ്രാവകം തുടച്ചുമാറ്റുന്ന കടയുടമ കെ.കെ. തമ്പി

ചേർത്തല: അത് രക്തമല്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും നാട്ടുകാരുടെ അമ്പരപ്പ്‌ മാറിയിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് തണ്ണീർമുക്കം കട്ടച്ചിറയിൽ പലചരക്കുകടയിലെ തറയ്ക്കടിയിൽനിന്ന്‌ രക്തസമാന ദ്രാവകം നുരഞ്ഞുപൊങ്ങി പരന്നൊഴുകിയത്. കട്ടയായ രക്തമെന്നുതന്നെയായിരുന്നു കണ്ടവരുടെ നിഗമനം. തറയ്ക്കടിയിൽനിന്നായതിനാൽ പല ഊഹാപോഹങ്ങളും പരന്നു. മനുഷ്യരക്തമെന്നും മൃഗങ്ങളുടെ രക്തമെന്നും പ്രചരിച്ചു.

തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിൽ കളത്തിൽപ്പറമ്പിൽ കെ.കെ. തമ്പി എട്ടുവർഷമായി നടത്തുന്ന പലചരക്കുകടയുടെ തറയാണ് അരമണിക്കൂറോളം ‘രക്ത’ത്തിൽ കുളിച്ചത്. തറയുടെ എല്ലാ ഭാഗത്തുനിന്നും ദ്രാവകം പുറത്തേക്കൊഴുകി. കടലാസും തുണിയും കൊണ്ടു തൂത്തുമാറ്റിയെങ്കിലും ‘രക്തക്കറ’ മാറിയില്ല. അര ബക്കറ്റോളം ദ്രാവകം പരന്നതായി തമ്പി പറഞ്ഞു. പഴയ കെട്ടിടം വാടകയ്ക്കെടുത്താണ് തമ്പി കട നടത്തുന്നത്.

പഞ്ചായത്തിൽ അറിയിച്ചതോടെ പ്രസിഡന്റ് ജി. ശശികലയും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി. ശാസ്ത്രീയ പരിശോധന നടത്തിയില്ലെങ്കിലും രക്തമല്ലെന്ന് അധികൃതർ പറഞ്ഞു. മഴയിൽ വെള്ളംപൊങ്ങിയപ്പോൾ തറയ്ക്കടിയിൽനിന്ന്‌ പെയിന്റിനു സമാനമായ ദ്രാവകം നുരഞ്ഞു പൊങ്ങിയതാകാമെന്നാണ് അവർ പറയുന്നത്. 10 വർഷംമുൻപ്‌ ഇവിടെ പെയിന്റ് ഉപയോഗിച്ചിരുന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നെന്നും അതുവഴിയാകാം ഇപ്പോഴത്തെ പ്രതിഭാസമെന്നുമാണ് അധികൃതരുടെ നിഗമനം.

എന്നാൽ, വെള്ളം ഇതിലുമധികം പൊങ്ങിയപ്പോഴൊന്നുമുണ്ടാകാത്ത പ്രതിഭാസം ഇപ്പോഴുണ്ടായതാണ് നാട്ടുകാരുടെ സംശയമുയർത്തുന്നത്. ശാസ്ത്രീയ പരിശോധന വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: Mysterious Red Liquid Spills in Cherthala: Health Officials Investigate