ചേരാനല്ലൂർ വാഹനാപകടം: എന്ത് അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് കോടതി, രൂക്ഷ വിമർശനം

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽനിന്ന് പ്രോസിക്യൂഷന് കനത്ത തിരിച്ചടി. 17-കാരന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി അറിയിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും നൽകിയ അപ്പീലുകൾ കോടതി തള്ളി.
രൂക്ഷ വിമർശനങ്ങളും കോടതിയുടെ ഭാഗത്ത്നിന്നുണ്ടായി. എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഗുരുതര കുറ്റമല്ലെങ്കിൽ ജുവനൈലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ല. നിയമം അറിയില്ലെങ്കിൽ പഠിച്ചിട്ട് പോയാൽ മതിയെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.
ആരുടെയെങ്കിലും ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടാകുമ്പോൾ അതിന് വഴങ്ങുന്ന രീതിയിലേക്ക് പോലീസെത്തിയെന്ന വിമർശനവും കോടതിയുടെ ഭാഗത്ത്നിന്നുണ്ടായി.
നേരത്തെ പതിനേഴുകാരന്റെ പിതാവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ഘട്ടത്തിലും സർക്കാരിനും പ്രോസിക്യൂഷനും വിമർശനം നേരിടേണ്ടി വന്നിരുന്നു. പ്രതിയായ ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
ജഡ്ജിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് രണ്ടു തവണയായി ആറു മണിക്കൂറിലധികം സമയം ജഡ്ജിയെ ചോദ്യം ചെയ്തിട്ടുള്ളതാണ്. ആവശ്യപ്പെടുമ്പോഴെല്ലാം ചോദ്യം ചെയ്യലിന് ജഡ്ജി ഹാജരാകുകയും ചെയ്യും. അങ്ങനെയിരിക്കെ എന്തിനാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.
ഹൈക്കോടതിയുടെ വിധിക്കെതിരെ വികാരാധീയായി ജയബാലകൃഷ്ണന്റെ മകൾ പ്രതികരിച്ചു. 'ഈ വിധി എന്റെ നെഞ്ചിൽ കുത്തുന്നതുപോലെയാണ്,' ഭദ്ര കീർത്തി പറഞ്ഞു. പിതാവിന്റെ മരണാനന്തര ചടങ്ങുകൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഈ വിധി വന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. കുടുംബം നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയമായിരുന്നു അത്. 'നാളെ എന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകും. ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും നീതി ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. നിർഭാഗ്യവശാൽ, അത് സംഭവിച്ചില്ല,' അവർ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും തോറ്റ് പിൻമാറുമെന്ന് ആരും കരുതേണ്ടെന്നും സെഷൻസ് കോടതിയുടെ വിമർശനങ്ങൾക്ക് പിന്നാലെ ഭദ്ര പ്രതികരിച്ചു.
Content Highlights: Ernakulam Additional Sessions Court refused to cancel the 17-year-old's bail in the Cheranallur accident case., The court strongly criticized the police for registering an FIR without proper legal basis for a non-grave offense., Observations were made that police acted under outside pressure during the investigation.