മുഖ്യമന്ത്രി പറഞ്ഞത് നുണ; പിരിച്ചുവിട്ട 144 പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവിടണം-ചെന്നിത്തല

രമേശ് ചെന്നിത്തല| ഫോട്ടോ: ജെ.ഫിലിപ്പ് \ Mathrubhumi
രമേശ് ചെന്നിത്തല| ഫോട്ടോ: ജെ.ഫിലിപ്പ് \ Mathrubhumi

തിരുവനന്തപുരം: അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍ നിന്നും 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധനുണയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ബോധപൂര്‍വം നുണ പറഞ്ഞ് സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നിയമസഭയില്‍ തെറ്റായ വിവരം നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക്  അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. 

2016 ല്‍ അധികാരമേറ്റ ശേഷം ഇതുവരെ അമ്പതില്‍ താഴെ പോലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് പിരിച്ചു വിട്ടത് എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. എന്നാല്‍ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് 144 പേര്‍ എന്നാണ്. ഇത് നുണയും സഭയോടുള്ള അവഹേളനവുമാണ്. പിരിച്ചു വിട്ടു എന്നു പറഞ്ഞ 144 പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നിയമസഭയില്‍ വെയ്ക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത പക്ഷം പറഞ്ഞ ഈ അവകാശവാദം പിന്‍വലിച്ച് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന 2011-2016 കാലഘട്ടത്തില്‍ സേനയ്ക്കു മാനക്കേട് ഉണ്ടാക്കിയ 61 പോലീസ് ഉദ്യോഗസ്ഥരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി പിരിച്ചു വിട്ടിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒമ്പതര വര്‍ഷത്തെ ഭരണകാലയളവില്‍ കടുത്ത ക്രിമിനല്‍ പശ്ചാത്തലമുള്ളവരടക്കം 144 പേരെ പിരിച്ചു വിടണമെന്നു ശുപാര്‍ശയുണ്ടായിട്ടും നടപടിയെടുക്കപ്പെട്ട മിക്കവരും സര്‍വീസില്‍ നിന്നു ദീര്‍ഘകാലം വിട്ടുനിന്നവര്‍ മാത്രമാണ്. ക്രിമിനല്‍കേസില്‍ പെട്ട ഉദ്യോഗസ്ഥരെ പിരിച്ചു വിടാതെ ഈ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. എന്നു മാത്രവുമല്ല, നല്ല ഉദ്യോഗസ്ഥരെ മൂലയ്ക്കിരുത്തി ഈ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ക്രമസമാധാനപാലന ചുമതല ഏല്‍പിക്കുകയും ചെയ്തു. സുപ്രധാന പദവികളില്‍ കളങ്കിതരായ ഉദ്യോഗസ്ഥരെയാണ് ഈ സര്‍ക്കാര്‍ ഇതുവരേയും നിയമിച്ചത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി കേസുകളില്‍ ആരോപണവിധേയനായി സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പോലീസ് ആസ്ഥാനത്ത് സു്പ്രധാന പദവി വഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് ഉദയകുമാര്‍ ഉരുട്ടി കൊലകേസുകളിലെ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അനാസ്ഥയാണെന്നാണ്. എന്നാല്‍ ഈ കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സിബിഐ ആണ് എന്ന കാര്യം മുഖ്യമന്ത്രി ബോധപൂര്‍വം മറച്ചു വച്ചു. മുത്തങ്ങയില്‍ വിനോദ് എന്ന പോലീസ് ഉദ്യോഗസ്ഥനെ അടിച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവിടെ വെടിവെയ്പ്പ് ഉണ്ടായത് എന്ന കാര്യവും മുഖ്യമന്ത്രി ബോധപൂര്‍വം വിട്ടുകളഞ്ഞു. ആദര്‍ശധീരനായ എകെ.ആന്റണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു.

കോണ്‍ഗ്രസിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വെടിവെപ്പുണ്ടായത് എന്ന ശുദ്ധ നുണയാണ് മുഖ്യമന്ത്രി പറഞ്ഞു പരത്തുന്നത്. ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് അങ്കമാലിയില്‍ ജനങ്ങളെ വെടിവെച്ചു കൊന്നത്. വലിയതുറയിലും ചെറിയതുറയിലും വെടിവെച്ച് ആള്‍ക്കാരെ കൊന്നതും ഇഎംഎസ് മന്ത്രിസഭയാണ്. കുപ്രസിദ്ധമായ ചന്ദനത്തോപ്പ് വെടിവെപ്പും രക്തസാക്ഷികളെയും ഇന്നും ജനം മറന്നിട്ടില്ല. കെഎസ്.യു നേതാവായിരുന്ന തേവരയിലെ മുരളിയെ അടിച്ചു കൊന്നതും ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ്. രണ്ടാം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് കെ.എസ്.യു പ്രവര്‍ത്തകരായ സുധാകര അക്കിത്തായും ശാന്താറാം ഷേണായിയും കാസര്‍കോട്ട് പോലീസിന്റെ വെടി കൊണ്ട് മരിച്ചത്. മേല്‍പ്പടത്ത് വെടിവെപ്പുണ്ടായതും ഇതേ കാലത്തു തന്നെ. ഉറുദുഭാഷയ്ക്കു വേണ്ടി സമരം ചെയ്ത മുസ്ലിം ലീഗ് പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചു കൊന്നത് നായനാരുടെ കാലത്താണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കേരളപോലീസ് കോയമ്പത്തൂരില്‍ നിന്നും തമിഴ്നാട് , ആന്ധ്ര പോലീസിന്റെ സഹായത്തോടെ പിടികൂടിയ മാവോയിസ്റ്റുകള്‍ ഇന്നും തൃശൂരിലെ അതീവസുരക്ഷാജയിലില്‍ ഉണ്ട്. അതേ സമയം ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ നാലു മാവോയിസ്റ്റുകളെയാണ് പോയിന്റ് ബ്ളാങ്കില്‍ വെടിവെച്ചു കൊന്നതെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട്ട് സിറാജുന്നീസ എന്ന പെണ്‍കുട്ടിയെ വെടിവെച്ചു കൊന്ന കേസിലെ കാരണക്കാരന്‍ എന്നാരോപിക്കപ്പെട്ട രമണ്‍ ശ്രീവാസ്തവയെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പോലീസിന്റെ മുഖ്യ അഡൈ്വസര്‍ ആക്കിയത്. കൂത്തുപറമ്പില്‍ അഞ്ചു പേരെ വെടിവെച്ചു കൊന്ന നടപടിക്ക് ഉത്തരവിട്ടു എന്ന പേരില്‍ സിപിഎം കുറ്റമാരോപിച്ച റവഡ ചന്ദ്രശേഖര്‍ ആണ് ഇന്ന് കേരളത്തിന്റെ ഡിജിപി. അദ്ദേഹത്തിനെതിരെ സമരം ചെയ്ത സഖാക്കള്‍ ആരായി. എന്നിട്ടാണ് മുഖ്യമന്ത്രിയുടെ നുണപ്രചാരണം.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് താനോ തിരുവഞ്ചൂരോ ഉമ്മന്‍ ചാണ്ടിയോ ആഭ്യന്തരത്തിന്റെ ചുമതല വഹിക്കുമ്പോള്‍ ഒറ്റ വെടിവെപ്പു പോലുമുണ്ടായിട്ടില്ലെന്നു മറക്കരുത്. പിണറായി വിജയന് കീഴില്‍ ആഭ്യന്തര വകുപ്പ് ഭരണം സമ്പൂര്‍ണമായും പരാജയപ്പെട്ടത് മറയ്ക്കുന്നതിനാണ് അദ്ദേഹം ഈ നുണപ്രചരണം നടത്തുന്നത്. പോലീസ് ആക്ട് പ്രകാരമുള്ള പോലീസ് കംപ്ളെയ്ന്റ് അതോറിറ്റി പോലും ഫലപ്രദമായി കൊണ്ടുപോകാന്‍ ഈ സര്‍ക്കാരിനു സാധിക്കുന്നില്ല.

പോലീസ് കംപ്ളെയ്ന്റ് അതോറിറ്റിയില്‍ പോലീസ് ഉദ്യോഗസ്ഥനല്ലാത്ത, നിര്‍ദ്ദിഷ്ട യോഗ്യതകളുമുള്ള ആളെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് 2022 ജൂണില്‍ ഇറങ്ങിയിട്ടും ഇതുവരെയും അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പോലീസിനെതിരെയുള്ള പരാതികള്‍ പോലീസ് തന്നെ അന്വേഷിക്കുന്നതിലെ ഔചിത്യക്കുറവ് മനസിലാക്കിയാണ് 2012 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു സ്വതന്ത്ര ഇന്‍വെസ്റ്റിഗേറ്ററായിരിക്കണം ഇത് അന്വേഷിക്കണെമെന്ന തീരുമാനമെടുത്തത്. 2014-2017 കാലഘട്ടത്തില്‍ താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ, ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി പോലീസിനെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ പോലീസ് സേനയ്ക്കു പുറത്തുള്ള ഒരാളെ നിയമിച്ചു. ഈ കാലയളവില്‍ അതോറിറ്റി പോലീസിന്റെ പ്രവര്‍ത്തനങ്ങളെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയും ഫലപ്രദമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. പാറശാലയില്‍ ശ്രീജീവ് എന്ന ചെറുപ്പക്കാരന്റെ കസ്റ്റഡി മരണം പോലീസിന്റെ അനാസ്ഥ കൊണ്ടാണ് എന്ന് കണ്ടെത്തി കമ്മിഷന്റെ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ മരണപ്പെട്ടയാളിന്റെ കുടുംബത്തിന് നല്‍കുകയുണ്ടായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

എന്നാല്‍ പിണറായി വിജയന്‍ അധികാരമേറ്റെടുത്തയുടന്‍ ഈ നിയമനം റദ്ദാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് 2024 മാര്‍ച്ച് വരെ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കേരളം കണ്ടത് 16 കസ്റ്റഡി മരണങ്ങളാണ്. എന്നാല്‍ ഈ വിഷയങ്ങളിലൊന്നിലും പോലീസ് കംപ്‌ളെയ്ന്റ് അതോറിറ്റി ഫലപ്രദമായി ഇടപെടുകയുണ്ടായില്ല. ഇരകള്‍ക്കു നീതി ലഭിച്ചതുമില്ല. കസ്റ്റഡി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പോലീസ് കംപ്ളെയന്റ് അതോറിറ്റി മൗനം തുടര്‍ന്നത് കുറ്റവാളികള്‍ക്ക് ആത്മധൈര്യം നല്‍കുകയും കൂടുതല്‍ കസ്റ്റഡി മരണപരമ്പരകള്‍ തന്നെ നടക്കുകയും ചെയ്തു. ഈ വിഷയത്തില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പോലീസില്‍ നിന്നല്ലാത്ത ഒരു അന്വേഷണ ഉദ്യോഗസ്ഥനെ അടിയന്തിരമായി നിയമിക്കാന്‍ കോടതി വിധി നിലവിലുണ്ടെങ്കിലും നോട്ടിഫിക്കേഷന്‍ ഇടയ്ക്കിടെ പുതുക്കിയിറക്കി യോഗ്യത അപ്രായോഗികമായി പുനര്‍നിര്‍ണയിച്ച് ആളെ കിട്ടാത്ത അവസ്ഥയുണ്ടാക്കി ഈ പോസ്റ്റ് ഒഴിപ്പിച്ചിട്ട് കോടതിയെപോലും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ പോലീസിന് പുറത്തുനിന്നുള്ള ഒരാളെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ച് അടിയന്തിര നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ പോലീസിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Content Highlights: Ramesh Chennithala accuses CM misleading the public about the number of dismissed police officers