52907 വോട്ടിന്റെ ഭൂരിപക്ഷം; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനല്ലാതെ മറ്റാര്!

കോട്ടയം: അരനൂറ്റാണ്ടിനുശേഷം ഉമ്മൻചാണ്ടിയില്ലാതെ പുതുപ്പള്ളി മണ്ഡലം നേരിട്ട ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് തകർപ്പൻ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയ ചാണ്ടി ഉമ്മൻ, തന്റെ മുൻപത്തെ ഭൂരിപക്ഷത്തെ വെല്ലുന്ന മുന്നേറ്റമാണ് കാഴ്ചവെച്ചത്. 52907 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയമുറപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.എം. രാധാകൃഷ്ണനും ബി.ജെ.പി സ്ഥാനാർഥി രവീന്ദ്രനാഥ് വാകത്താനത്തിനും ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
ഫ്ലെക്സുകളും ബാനറുകളും പൂർണമായും ഒഴിവാക്കി, ചുവരെഴുത്തുകൾ മാത്രം ഉപയോഗിച്ചും സൈക്കിൾ പര്യടനം നടത്തിയുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. പ്രചാരണത്തിനായി മാറ്റിവെച്ച തുക മണ്ഡലത്തിൽ വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകാൻ ഉപയോഗിക്കുമെന്നാണ് ചാണ്ടിയുടെ നയം. ആ പ്രചാരണം ജനം ഏറ്റെടുക്കുന്ന കാഴ്ചയ്ക്കാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്.
അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി എന്ന ഒറ്റ നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണ് പുതുപ്പള്ളി. അദ്ദേഹത്തിന്റെ മരണശേഷം 2023-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. ഇക്കുറി ആ ഭൂരിപക്ഷവും മറികടക്കുന്ന പ്രകടനമാണ് ചാണ്ടി ഉമ്മന്റേത്.