അറ്റകുറ്റപ്പണികൾ പൂർത്തിയായി; ചാലക്കുടിപ്പാലം ബുധനാഴ്ച രാവിലെ 10 മണിയോടെ തുറക്കും

#News Desk
അറ്റകുറ്റപ്പണികൾ നടത്തിയ ചാലക്കുടിപ്പാലം
അറ്റകുറ്റപ്പണികൾ നടത്തിയ ചാലക്കുടിപ്പാലം

ചാലക്കുടി: അറ്റകുറ്റപ്പണികൾക്കായി മൂന്നാഴ്ചയിലധികം അടച്ചിട്ട ചാലക്കുടിപ്പുഴയിലെ പഴയ പാലം ബുധനാഴ്ച രാവിലെ 10 മണിയോടെ തുറക്കും. പണികളെല്ലാം പൂർത്തിയാക്കിയതോടെയാണ് തുറന്നു നൽകുന്നത്.

രാവിലെ തടസ്സങ്ങളും പാലത്തിൽ നിർമാണത്തിനുപയോഗിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങളും മാറ്റും. തുടർന്നാണ് പാലം തുറക്കുക.

തൂണുകൾക്കിടയിലെ ബെയറിങ് മാറ്റുന്ന ജോലികൾ, എക്സ്പാൻഷൻ ജോയിന്റുകൾ നേരെയാക്കുന്നത് എന്നിവയാണ് പ്രധാനമായും ചെയ്തത്. ചായം പൂശലും പൂർത്തിയായി. മേയ് ഒൻപതു മുതലാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടത്. 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

അതുപ്രകാരം 29-ന് പൂർത്തിയാക്കേണ്ടതായിരുന്നു. അതാണ് ജൂൺ മൂന്നിലേക്ക് നീണ്ടത്.

ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയശേഷം ആദ്യ ആഴ്ചയിൽ മാത്രമാണ് ഗതാഗതതടസ്സം കാര്യമായി ഉണ്ടായത്. പോലീസിന്റെയും കരാറുകാർ ഏർപ്പെടുത്തിയ ജീവനക്കാരുടെയും ഇടപെടൽ പിന്നീടുള്ള ഗതാഗതക്കുരുക്ക് കുറച്ചു.

പണി നടന്ന പാലത്തിലൂടെ ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് ഒറ്റവരി ഗതാഗതം പലപ്പോഴായി അനുവദിച്ചതും ഗതാഗതതടസ്സം കുറയ്ക്കാൻ സഹായിച്ചു.

Content Highlights: Old bridge over Chalakudy River to reopen on June 3, 2026, at 10 AM., Maintenance work included replacing bridge bearings and fixing expansion joints., Project completion was delayed slightly from the original May 29 target., Traffic congestion was mitigated through effective police intervention and single-lane management.