'പുലി കൊന്നതോ? പേടിച്ച് സ്ഥലംവിട്ടതോ? തെരുവുനായ്ക്കൾ നന്നായി കുറഞ്ഞിട്ടുണ്ട്'; പുലിഭീതിയിൽ ചാലക്കുടി

തൃശ്ശൂർ: ചാലക്കുടി ടൗണിൽ പുലിയിറങ്ങി. പുലിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശങ്കയിലാണ് നാട്ടുകാർ. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിനോടുചേർന്ന ഭാഗത്തുകൂടി പുലി നടന്നുനീങ്ങുന്ന ദൃശ്യമാണിപ്പോൾ പുറത്തുവന്നത്. ടൗണിന് സമീപത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് കണ്ണമ്പുഴ ക്ഷേത്രം റോഡിൽ താമസിക്കുന്ന അയനിക്കാട്ട് മഠം രാമനാഥൻ എന്നയാളുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന മൃഗത്തിന്റെ ദൃശ്യം പതിഞ്ഞത്. രാമനാഥനും ഭാര്യയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ വിദേശത്തുള്ള മകനാണ് ബുധനാഴ്ച രാവിലെ സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോൺ ആപ്പ് വഴി കാണുകയും അവ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തത്. ഈ മാസം 24-ാം തീയതി പുലർച്ചെയാണ് ഈ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. ഇക്കാര്യം പോലീസിൽ വിളിച്ചുപറയാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടതും വിദേശത്തുള്ള മകനാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ക്യാമറയിൽ കണ്ടത് പുലിയെത്തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നേരത്തേ കൊരട്ടിയിൽ പുലിയെ പിടികൂടാനായി കൂടും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു. കൊരട്ടിയിൽ കണ്ട പുലി തന്നെയാവാം ഇതെന്നാണ് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് പോലീസിന്റെയും ഹൗസിങ് ബോർഡിന്റേയുമായി രണ്ട് സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അവ കാടുപിടിച്ച് കിടക്കുകയാണെന്നും വാർഡ് കൗൺസിലർ വി.ജെ. ജോജി പറഞ്ഞു.
"പ്രദേശത്ത് പുലിയുണ്ടെന്ന സംശയം അയൽവാസി പ്രകടിപ്പിച്ചിരുന്നു. അതിന് കാരണമായി പറഞ്ഞത് തെരുവുനായ്ക്കളെ വലിയ രീതിയിൽ കാണാതായിട്ടുണ്ട് എന്നാണ്. തന്റെ ഭാര്യ പുറത്തിറങ്ങാൻവരെ മടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊട്ടടുത്തുള്ള വീടിന്റെ പരിസരത്തുനിന്ന് നായ്ക്കൾ നന്നായി കുരയ്ക്കുന്നുമുണ്ടായിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു." വി.ജെ. ജോജി കൂട്ടിച്ചേർത്തു.
Content Highlights: CCTV footage shows a leopard near Chalakudy South bus stand