ചാലക്കുടി പാലം ശനിയാഴ്ച മുതൽ അടച്ചിടാൻ തീരുമാനം; ഗതാഗതം പുതിയ പാലത്തിലൂടെ മാത്രം

ചാലക്കുടി: ദേശീയപാത-544-ൽ ചാലക്കുടിപ്പുഴക്കു കുറുകെയുള്ള പഴയ പാലം വീണ്ടും അടച്ചിടാൻ തീരുമാനം. എറണാകുളത്തുനിന്ന് തൃശ്ശൂർ ദിശയിലേക്ക് വാഹനങ്ങൾ പോകുന്ന പാലമാണ് അറ്റകുറ്റപ്പണികൾക്കായി ശനിയാഴ്ച രാവിലെ 10-ന്‌ അടയ്ക്കുക. കഴിഞ്ഞ മാസം ഇതേ പാലം ബലപരിശോധനയ്ക്കായി ഒരാഴ്ച അടച്ചിട്ടിരുന്നു. പാലത്തിന്റെ തൂണുകൾക്കും സ്ലാബുകൾക്കും ഇടയിലുള്ള ബെയറിങ്ങുകൾ മാറ്റുന്നതിനാണ് പാലം ഇപ്പോൾ അടച്ചിടുന്നത്. മൂന്നാഴ്ചക്കുള്ളിൽ പണികൾ തീർക്കാനാണ് ഉദ്ദേശ്യം. ഏഴ് സ്പാനുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റാനുള്ളത്. പഴയ പാലം അടയ്ക്കുന്നതോടെ പുതിയ പാലത്തിലൂടെയാകും ഇരു ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം. ഒറ്റ വരിയായി നടത്താനാണ് തീരുമാനം. പാലത്തിന്റെ ഇരുകരകളിലും മീഡിയനുകൾ മുറിച്ച് വാഹനങ്ങൾ കടത്തിവിടും.

ഗതാഗതതടസ്സം ആശങ്ക

ദേശീയപാത-544-ൽ ചാലക്കുടിപ്പുഴക്കു കുറുകെയുള്ള പഴയ പാലം വീണ്ടും അടച്ചിടുമ്പോൾ ഗതാഗതനിയന്ത്രണം വരുന്നത് വലിയ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന ആശങ്കയുണ്ട്. പരിസരങ്ങളിൽ അടിപ്പാത-മേൽപ്പാല നിർമാണങ്ങൾ നടക്കുന്നതിനാൽ നിലവിൽ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ ഗതാഗതനിയന്ത്രണങ്ങളുണ്ട്. കൊരട്ടിയിൽ വലിയ ഗതാഗതതടസ്സം സ്ഥിരമാണ്. ചാലക്കുടിപ്പാലത്തിൽ കുപ്പിക്കഴത്തുപോലെ ഗതാഗതമാകുമ്പോൾ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, ആശങ്കയ്ക്ക് വകയില്ലെന്നാണ് പോലീസിന്റെ വാദം. ബദൽറൂട്ടുകൾ ഉപയോഗപ്പെടുത്തിയും പാലത്തിലെ വരി തെറ്റാതെ നിയന്ത്രിച്ചും തിരക്കൊഴിവാക്കാമെന്നാണ് പോലീസ് കരുതുന്നത്.

പോലീസ്‌സംഘം, ഹൈവേ പോലീസ്, കരാറുകാരുടെ ട്രാഫിക് വാർഡൻമാർ തുടങ്ങിയവർ ഗതാഗതനിയന്ത്രണത്തിനുണ്ടാകും. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ് (ജി.ഐ.പി.എൽ.) നിർമാണച്ചുമതല. ഡിവൈ.എസ്.പി. പി.എച്ച്. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് യോഗം ചേർന്ന് ഗതാഗതനിയന്ത്രണ ചർച്ച നടത്തി. വാഹനങ്ങൾ കേടായി പാലത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധയുണ്ടായുണ്ടാകും. പണി തീരുന്നതുവരെ ഈ ഭാഗത്ത് 24 മണിക്കൂറും ക്രെയിൻസൗകര്യം ഒരുക്കും.

Content Highlights: Chalakudy bridge on NH-544 closes this Saturday for repairs. Learn about traffic diversions and alternative routes to avoid congestion.