ചരിയാന്‍ കാരണം കരളിനേറ്റ ക്ഷതം, മുറിവാലൻകൊമ്പന് ചോലയില്‍ അന്ത്യവിശ്രമം; ദേഹത്ത് 20 പെല്ലറ്റുകള്‍

അവശനിലയിലായ മുറിവാലൻ കൊമ്പൻ
അവശനിലയിലായ മുറിവാലൻ കൊമ്പൻ

ചിന്നക്കനാൽ: ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ രണ്ടിന് ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ജഡം പോസ്റ്റുമോർട്ടത്തിനുശേഷം മറവുചെയ്തു. ചിന്നക്കനാൽ അറുപതേക്കറിന് സമീപമുള്ള ചോലയിലാണ് ജഡം മറവുചെയ്തത്.

വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, വനംവകുപ്പ് വെറ്ററിനറി സർജന്മാരായ ഡോ. പി.ജി. സിബി, എസ്.കെ. അരുൺകുമാർ, ആർ. അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. കരളിനേറ്റ ക്ഷതമാണ് ചരിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചക്കക്കൊമ്പന്റെ നീണ്ട കൊമ്പുകൾ ആഴ്ന്നിറങ്ങിയാണ് മുറിവാലന്റെ കരളിന് പരിക്കേറ്റത്. ഇതുകൂടാതെ വാരിയെല്ലുകളും പൊട്ടി. ഓഗസ്റ്റ് 21-നാണ് രണ്ട് ഒറ്റയാന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുറിവാലന് ഗുരുതര പരിക്കേൽക്കുന്നത്. അതിനുശേഷം ഇടതുകാലിന്റെ ചലനശേഷി നഷ്ടമായതോടെയാണ് മുറിവാലൻ അറുപതേക്കറിന് സമീപമുള്ള ചോലയിൽ കിടപ്പിലായത്. മുറിവുകളിലെ അണുബാധയും അവസ്ഥ വഷളാകാൻ കാരണമായി.

45 വയസ്സുള്ള മുറിവാലനായിരുന്നു ഇതുവരെ ചിന്നക്കനാൽ മേഖലയിലെ ഏറ്റവും പ്രായംകൂടിയ കാട്ടാന.

മുറിവാലന്റെ ജഡം സംസ്‌കരിക്കുന്നതിനുമുൻപ് തദ്ദേശീയരായ മുതുവാൻ വിഭാഗത്തിൽപ്പെട്ടവർ ആചാരപരമായ ചടങ്ങുകൾ നടത്തി.

മൂന്നാർ എ.സി.എഫ്. ജോബ് ജെ.നേര്യംപറമ്പിൽ, ദേവികുളം റേഞ്ച് ഓഫീസർ പി.വി. വെജി എന്നിവർ മറവുചെയ്യാനുള്ള നടപടികൾക്ക് നേതൃത്വം നൽകി.

ദേഹത്ത് 20 പെല്ലറ്റുകൾ കണ്ടെത്തി

രാജാക്കാട് (ഇടുക്കി): പോസ്റ്റുമോർട്ടത്തിനിടെ മുറിവാലൻ കൊമ്പന്റെ ദേഹത്തുനിന്ന് 20 പെല്ലറ്റുകൾ കണ്ടെത്തി. ഇതിൽ 19 പെല്ലറ്റുകളും ട്വൽവ് ബോർ തോക്കിൽ ഉപയോഗിക്കുന്നതാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വന്യജീവികളെ തുരത്താൻ വനംവകുപ്പ് ജീവനക്കാർ ഉപയോഗിക്കുന്നതും ഇത്തരം തോക്കുകളാണ്. ദേവികുളം റേഞ്ചിൽ നാല് ട്വൽവ് ബോർ തോക്കുകൾ ഉണ്ട്. എന്നാൽ, ഇവ ഇതുവരെ ഉപയോഗിച്ചിട്ടില്ല.

മുറിവാലന്റെ ദേഹത്തുനിന്ന് കിട്ടിയ പെല്ലറ്റുകൾ എയർഗണ്ണിൽനിന്നുള്ളതാകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നു. ഇടത്തരം വലുപ്പമുള്ള ഒരു പെല്ലറ്റും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ പെല്ലറ്റുകളൊന്നും ആനയുടെ ആന്തരികാവയവങ്ങളിൽ ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്നും മരണകാരണമാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്.

Content Highlights: Murivalankomban dies after clash with Chakkakomban