തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറി വരും;മയക്കുമരുന്ന് കേസുകൾക്ക് സഹായകരമാകും

കൊച്ചി: മയക്കുമരുന്നടക്കമുള്ള ക്രിമിനൽ കേസുകളിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് വേഗം ലഭ്യമാക്കാൻ തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറി തുടങ്ങും. ദേശീയ ഫൊറൻസിക് അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ ഭാഗമായിട്ടാണിത്.
പുതിയ ക്രിമിനൽ നിയമപ്രകാരം ഏഴു വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കേസുകളിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് വേണം.
ടെക്നോപാർക്കിൽ സ്ഥലം കണ്ടെത്താനാണ് നീക്കം. പരിശോധനാ റിപ്പോർട്ട് വൈകുന്നതിന് പരിഹാരം കാണാൻ സംസ്ഥാനത്തെ ഫൊറൻസിക് ലാബുകളിൽ കൂടുതൽ സയന്റിഫ് ഓഫീസർമാരെ നിയമിച്ചിരുന്നു. എന്നിട്ടും വൈകുകയാണ്. നിലവിൽ 8,422 മയക്കുമരുന്ന് കേസുകളാണ് വിചാരണക്കോടതികളിൽ തീർപ്പാക്കാനുള്ളത്.
സംസ്ഥാന സർക്കാരിന് കീഴിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് പ്രധാന ഫൊറൻസിക് ലബോറട്ടറിയുള്ളത്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ റീജണൽ ലാബുകളുമുണ്ട്. ഇതിനുപുറമെ, എല്ലാ ജില്ലകളിലും ലാബുകളും 19 മൊബൈൽ യൂണിറ്റുകളുമുണ്ട്. നിലവിൽ കോഴിക്കോട്ടും തൊടുപുഴയിലും എൻ.ഡി.പി.എസ്. കോടതികളാണുള്ളത്.
തിരുവനന്തപുരത്തും എറണാകുളത്തും എൻ.ഡി.പി.എസ്. കോടതികൾക്ക് അനുമതിയായിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പുതിയ എൻ.ഡി.പി.എസ്. കോടതികൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനെതിരേ പുതിയ സർക്കാർ കർശന നടപടി സ്വീകരിച്ചതോടെ കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്.
Content Highlights: A new Central Forensic Science Laboratory (CFSL) is being established in Thiruvananthapuram., Aimed at expediting scientific investigation reports for criminal and drug cases., Technopark is being considered as the location for the new facility., Addresses the backlog of over 8,400 drug cases pending in trial courts.