‘മുകുന്ദനാണോ പാർട്ടിയെന്ന് ചോദിച്ചു, അല്ലെന്ന് തെളിയിക്കാൻ രാജിവെച്ചു’; CPI വിട്ട് സി.സി. മുകുന്ദൻ

തൃശ്ശൂർ: നാട്ടിക മണ്ഡലത്തിൽ മത്സരിക്കും. അത് സ്വതന്ത്രനായിട്ടായിരിക്കും. ഏത് പാർട്ടിയുടെ പിന്തുണയാണ് കിട്ടുകയെന്നറിയില്ല. കോൺഗ്രസ് നേതാക്കളും മണ്ഡലത്തിലെ പ്രവർത്തകരും വിളിച്ചിരുന്നു. തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. ജനങ്ങളുടെ പിന്തുണയോടെ ജയിക്കും. സി.സി. മുകുന്ദനാണോ കമ്യൂണിസ്റ്റ് പാർട്ടിയെന്ന് ചേർപ്പ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ചോദിപ്പിച്ചു. അല്ലെന്ന് തെളിയിക്കാൻ പാർട്ടി അംഗത്വം രാജിവെക്കുന്നു. ഇനി സ്വതന്ത്രമായി മത്സരിക്കാമല്ലോ...
കൊടകരയിലെ ആശുപത്രിയിൽ ഫിസിയോതെറാപ്പി കഴിഞ്ഞ് അന്തിക്കാട്ടെ വീട്ടിലേക്ക് മടങ്ങുംവഴി നാട്ടിക സംവരണമണ്ഡലം എം.എൽ.എ. സി.സി. മുകുന്ദൻ മാതൃഭൂമിയോട് മനസ്സുതുറന്നു.
ഇപ്പോഴത്തെ പ്രകോപനത്തിന്
എന്താണ് കാരണം ?
സി.പി.െഎ. ജില്ലാ കമ്മിറ്റിയുെട സ്ഥാനാർഥിപ്പട്ടികയിൽ എന്റെ പേരുണ്ടായിരുന്നതായാണ് വിവരം. എന്നാൽ, അതിനുമുന്നേ നടന്ന ചേർപ്പ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ചിലർ എന്റെ സ്ഥാനാർഥിത്വത്തിന് എതിരുനിന്നിരുന്നു. യോഗം നിയന്ത്രിക്കാനെത്തിയ നേതാക്കൾ ഇത് പരിഹരിക്കുന്നതിന് പകരം പ്രശ്നം രൂക്ഷമാക്കുകയായിരുന്നു.
എല്ലാവരും ചേർന്ന് എന്നെ പെടയ്ക്കുകയായിരുന്നു. അതിന് പ്രത്യേക കാരണവുമുണ്ട്. േനതാക്കളാരെന്നും അവരുടെ പ്രശ്നം എന്താണെന്നും പിന്നീട് പറയും. വ്യക്തമായി െവളിപ്പെടുത്തും.
പേമെന്റ് സീറ്റെന്നആരോപണം ഉയർത്തുന്നതിന്റെ പിന്നിൽ
പാർട്ടിനയം അനുസരിച്ച് എന്നെ ഇത്തവണ മത്സരിപ്പിക്കണം. മത്സരിപ്പിക്കാതിരിക്കാൻ കാരണം, ഇതൊരു പേമെന്റ് സീറ്റാക്കി എന്നാണ് കരുതുന്നത്. എന്നെക്കൊണ്ട് വലിയ തുകയൊന്നും പിരിച്ചുകൊടുക്കാനാകില്ല. ഞാൻ എവിടെയെങ്കിലും പിരിവിനെത്തുന്പോൾ, മുൻ എം.എൽ.എ. വലിയ തുക പിരിച്ചുകൊണ്ടുപോയല്ലോ എന്ന മറുപടിയാണ് കിട്ടുക.
പാർട്ടി ആവശ്യപ്പെടുന്നതിലും ചെറിയ തുക മാത്രമേ കൊടുക്കാൻ സാധിച്ചിട്ടുള്ളൂ. അതിനാൽ പലഘട്ടങ്ങളിലും പാർട്ടിയുടെ പഴി കേൾക്കേണ്ടിവന്നിട്ടുണ്ട്. ഞാൻ ഒരിക്കലും വലിയ പിരിവുകാരനല്ല. എന്നേക്കൊണ്ട് അതിന് കഴിയുകയുമില്ല.
സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് സമീപിച്ചിരുന്നോ ?
സമീപിച്ചിരുന്നു. ആരെല്ലാമോ വിളിച്ചു, എല്ലാവരുടെയും പേരൊന്നും എനിക്കറിയില്ല. ദേശീയതലത്തിലുള്ളവർ വിളിച്ചിരുന്നു. ആദ്യം വിളിച്ചത് രമേശ് ചെന്നിത്തലയാണ്. കെ.സി. വേണുഗോപാലും വിളിച്ചു. പിന്നീട് ടി.എൻ. പ്രതാപനും വേറെ നേതാക്കളും മണ്ഡലത്തിലുള്ളവരും വിളിച്ചു. അവരുടെ പിന്തുണയോടെ മത്സരിക്കുമോ, ഇല്ലയോ എന്ന ഉറപ്പ് അപ്പോൾ പറഞ്ഞില്ല. എന്നാൽ, വൈകാതെ വ്യക്തമാക്കും. എന്തായാലും സ്വതന്ത്രനായി മത്സരിക്കും. അതിന് എന്നെ സ്നേഹിക്കുന്നവരുടെ പിന്തുണ കിട്ടും. അത് ജയിക്കാനുള്ള പിന്തുണയാണ്.
ജപ്തിയായ വീടിന്റെ അവസ്ഥയെന്താണ് ?
ജപ്തി ചെയ്തിട്ടില്ല. കുടിശ്ശിക അടച്ചിട്ടുമില്ല. വായ്പ അങ്ങനെ പറഞ്ഞുനിർത്തിയിരിക്കുകയാണ്. ഇൗ തിരഞ്ഞെടുപ്പ് കഴിയുന്പോൾ കാർ വിൽക്കണം. അതിലൂടെ കിട്ടുന്ന പണം അടയ്ക്കണം. അങ്ങനെ പണമടച്ചാൽ ജപ്തി നീട്ടിക്കിട്ടുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
പാർട്ടിക്കാർ സഹായിക്കാമെന്ന് പറഞ്ഞിട്ട് എന്തായി ?
പാർട്ടിക്കാർ സഹായിക്കാമെന്ന് പറഞ്ഞത് ശരിയാണ്. അതിനായി അവരെത്തി. എന്റെ ഫോട്ടോയെടുത്തു. എന്നെക്കൊണ്ട് ചില പേപ്പറുകളിൽ ഒപ്പിടീച്ചു. പിന്നീടാണ് അറിഞ്ഞത്, പോസ്റ്റിട്ട് സാമൂഹികമാധ്യമങ്ങളിലൂടെ പണം പിരിക്കാനാണ് പരിപാടിയെന്ന്. വലിയ തുക കിട്ടും. എന്റെ കടം വീട്ടി ബാക്കി പണം പാർട്ടി എടുക്കാനായിരുന്നു പരിപാടി. അത് എന്റെയടുത്ത് വേണ്ടെന്ന് പറഞ്ഞു. അതോടെ സഹായവാഗ്‌ദാനം പാർട്ടി അവസാനിപ്പിച്ചു.
Content Highlights: CC Mukundan resigns from CPI membership due to internal party disputes., Announced intention to contest from Nattika constituency as an independent candidate., Allegations of the seat being treated as a 'payment seat' by party leadership., Confirmed outreach from Congress leaders regarding potential support., Addressed financial struggles and the status of his house loan.