തീപിടിച്ച കപ്പലിലെ ജീവനക്കാരെ മംഗളുരുവില്‍ എത്തിച്ചു, പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ

മംഗളുരു: ആഴക്കടലിൽ സിങ്കപ്പൂർ ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട 18 ജീവനക്കാരെ മംഗളൂരുവിലെത്തിച്ചു. ഇതിൽ സാരമായി പരിക്കേറ്റ ആറുപേരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനക്കാരായ ലു എൻലി, സു ഫാബിനോ, മ്യാൻമാർ സ്വദേശികളായ ഗുവോ ലെനിനോ, തൈൻ താ ഹട്ടായി, കൈസാ ഹോട്ടു എന്നിവരാണ് ആസ്പത്രിയിലുള്ളത്. 12 പേരെ മംഗളൂരുവിലെ എജെ ഗ്രാൻഡ് ഹോട്ടലിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി 11.30-ഓടെ മംഗളൂരു പുതുതുറമുഖത്തെ ഏഴാംനമ്പർ ബർത്തിൽ ഐഎൻഎസ് സൂറത് എന്ന കപ്പലിലാണ് ഇവരെ എത്തിച്ചത്. നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരുമായി കപ്പലെത്തുന്നുവെന്ന വിവരം ലഭിച്ച ഉടനെ അവരെ ആശുപത്രിയിലെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തീരസംരക്ഷണസേനയും മംഗളൂരു പുതുതുറമുഖ അധികൃതരും ഒരുക്കിയിരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകളും തയ്യാറാക്കിവെച്ചു. ചൈനയിൽനിന്നുള്ള എട്ടുപേർ, മ്യാൻമാർ, തായ് വാൻ എന്നിവിടങ്ങളിൽനിന്നുള്ള നാലുപേർ വീതം, ഇൻഡൊനീഷ്യക്കാരായ രണ്ടുപേർ എന്നിവരെയാണ് മംഗളൂരുവിലേക്ക് എത്തിച്ചത്.
അതേസമയം, കപ്പലിലെ തീ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മണിക്കൂറുകൾ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാൻ രക്ഷാപ്രവർത്തന ദൗത്യസംഘങ്ങൾക്ക് സാധിച്ചിട്ടില്ല.
കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലുമാണ് ഇപ്പോൾ രക്ഷാദൗത്യത്തിലുള്ളത്. അപകടം സംഭവിച്ച വാൻ ഹായ് 503 കപ്പലിന് സമീപം ഐ.എൻ.എസ്. സത്ലജ് ഉണ്ട്. തീ ആളിക്കത്തുന്ന നിലയിലാണ് കപ്പലിന്റെ രാത്രി ദൃശ്യം. കപ്പലിന്റെ പല ഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ ദൂരത്താണ് ചരക്കുകപ്പലിന് തീപ്പിടിച്ചത്. കപ്പലിൽ ആകെ 620 കണ്ടെയ്നറുകൾ ഉണ്ടെന്നാണ് വിവരം. തീപിടിച്ചതിനു പിന്നാലെ ഒട്ടേറെ കണ്ടെയ്നറുകൾ കടലിലേക്ക് വീണിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടുകൂടിയാണ് കപ്പലിൽ സ്ഫോടനമുണ്ടായെന്ന വിവരം കോസ്റ്റ് ഗാർഡിന് ലഭിക്കുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കിൽ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. തുടർന്ന് 12:40-ന് കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു.
Content Highlights: A cargo ship, caught fire off the Kerala coast. 18 crew rescued and hospitalized in Mangalore