കപ്പൽ കത്തിയമരുന്നു; പൊട്ടിത്തെറിച്ചും കടലിലൊഴുകിയും കണ്ടെയ്നറുകൾ, തീയണയ്ക്കൽ ദുഷ്കരം

കോഴിക്കോട്: കേരളത്തിന്‍റെ സമുദ്രാതിർത്തിയിൽ തീപ്പിടിച്ച വാൻ ഹായ് 503 എന്ന കപ്പലിൽനിന്നുള്ള കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിനടക്കുന്നതിനാല്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ക്ക് അപകടത്തില്‍പ്പെട്ട കപ്പലിനടുത്തേക്ക് എത്താന്‍ കഴിയാത്തത് തീ നിയന്ത്രിക്കുന്നതിന് തടസ്സമാകുന്നു. തീ ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു.
കപ്പൽ തീപ്പിടിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ രക്ഷാദൗത്യത്തിനായി പുറപ്പെട്ട കപ്പലുകള്‍ക്ക് സാധിച്ചിട്ടില്ല. കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്തമായാണ് തീയണക്കലിനും രക്ഷാദൗത്യത്തിനും ശ്രമിക്കുന്നത്. കപ്പലിൽനിന്ന് കാണാതായ നാലുപേർക്കുവേണ്ടിയുള്ള രക്ഷാശ്രമം രാത്രിയിലും തുടരും.
കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലുമാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിലുള്ളത്. അപകടം സംഭവിച്ച വാന്‍ഹായ് 503 കപ്പലിന് സമീപം ഐഎന്‍എസ് സത്‌ലജ് ഉണ്ട്. നേരത്തേ പോയ ഐഎന്‍എസ് സൂറത്ത് എന്ന കപ്പല്‍ ചരക്കുകപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരെയും രക്ഷപ്പെടുത്തി മംഗളൂരു തീരത്തേക്ക് പുറപ്പെട്ടു. തീ ആളിക്കത്തുന്ന നിലയിലാണ് കപ്പലിന്റെ രാത്രി ദൃശ്യം. കപ്പലിന്റെ പല ഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്.
കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കുകപ്പലിന് തീപ്പിടിച്ചത്. കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. തീപിടിച്ചതിനു പിന്നാലെ ഒട്ടേറെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണിരുന്നു. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടുകൂടിയാണ് കപ്പലില്‍ സ്‌ഫോടനമുണ്ടായി എന്ന വിവരം കോസ്റ്റ്ഗാര്‍ഡിന് ലഭിക്കുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കില്‍ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40-ഓടെ കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടരുകയായിരുന്നു.