പാട്ടിന് താളംപിടിച്ച് ഇരുകൈയും വിട്ട് അലക്ഷ്യമായി ബസ് ഓടിച്ചു, വീഡിയോ വൈറല്‍; ഡ്രൈവര്‍ കസ്റ്റഡിയില്‍

പാട്ടിന് താളംപിടിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍
പാട്ടിന് താളംപിടിച്ച് ബസ് ഓടിക്കുന്ന ഡ്രൈവര്‍

കൊച്ചി: പാട്ടിന് താളംപിടിച്ചുകൊണ്ട് അലക്ഷ്യമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി-കാലടി റൂട്ടില്‍ ഓടുന്ന എയ്ഞ്ചല്‍ ബസിന്റെ ഡ്രൈവറായ ജോയലിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇരുകൈയും വിട്ട് പാട്ടിന് താളംപിടിച്ച് ജോയല്‍ ബസ് ഓടിക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. 

പാട്ടിനൊപ്പം താളംപിടിച്ചും സ്റ്റിയറിങ്ങില്‍നിന്ന് കൈവിട്ടും ജോയല്‍ ബസ് ഓടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. യാത്രക്കാരുമായി പോകുമ്പോഴായിരുന്നു ഡ്രൈവരുടെ അപകടകരമായ അഭ്യാസപ്രകടനം. കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഡ്രൈവറോട് പാട്ടിനൊപ്പം ഡാന്‍സ് കളിക്കാന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ബസിലെ ജീവനക്കാര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. 

സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ ജോയല്‍, കണ്ടക്ടര്‍, വാഹന ഉടമ എന്നിവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പും കേസെടുക്കുമെന്നാണ് വിവരം. ബസ് ഇന്നുതന്നെ പരിശോധിക്കാനും മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: carelees driving, private bus driver taken into custody