സൈറൺ മുഴക്കി ചീറിപ്പാഞ്ഞ് കാർ, മദ്യലഹരിയിൽ യുവാക്കൾ; 24,600 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പ്

ചാരുംമൂട് (ആലപ്പുഴ): കെ.പി. റോഡിൽ സൈറൺ മുഴക്കി അലക്ഷ്യമായി ഓടിച്ച കാർ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു. കാറിന് 24,600 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പ്. എമർജൻസി വാഹനങ്ങളിൽ ഉപയോഗിക്കുന്ന സെറൺ മുഴക്കിയും അമിതശബ്ദത്തോടെ പ്രത്യേക വെളിച്ചം ഉപയോഗിച്ചും ഓടിച്ച കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശൂരനാട് വടക്ക് സ്വദേശി അച്ചു പ്രസാദിനെതിരേ കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 12-ന് ചാരുംമൂട് ജങ്ഷനു കിഴക്കാണ് സംഭവം. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പോലീസ് നടത്തിയ രാത്രി പട്രോളിങ്ങിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്.
കാറിന്റെ പുറംഭാഗത്തും പ്ലാറ്റ്ഫോമിലുമുൾപ്പെടെ എൽ.ഇ.ഡി. ലൈറ്റുകളും അമിതശബ്ദത്തിനായി പ്രത്യേക സൈറണും ഘടിപ്പിച്ചിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ മദ്യലഹരിയിലാണെന്നും കണ്ടെത്തി. കാറിലുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന്, വാഹനം മാവേലിക്കര ജോയിന്റ് ആർ.ടി.ഒ.യ്ക്കു കൈമാറി. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി.
താക്കോലിനു പകരം സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്യുന്ന സംവിധാനവും അമിതശബ്ദമുണ്ടാക്കുന്ന സംവിധാനവും പുറത്തേക്ക് തള്ളിനിൽക്കുന്ന വീലുകളുമടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. കൊടുങ്ങല്ലൂർ സ്വദേശിയുടെ കൈയിൽനിന്നു വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല.
Content Highlights: Car seized by Nuranad police for using illegal sirens and flashing lights., MVD imposed a fine of Rs 24,600 for multiple traffic and vehicle modifications violations., Driver Achu Prasad booked, and vehicle handed over to Mavelikkara Joint RTO.