കാലിക്കറ്റിൽ ചരിത്രംകുറിച്ച് MSF, ആദ്യ വനിതാ ചെയർപേഴ്സൺ;കൂടുതൽ ഭൂരിപക്ഷത്തോടെ യൂണിയൻ നിലനിർത്തി UDSF

കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎസ്എഫിന്റെ ജനറൽസെക്രട്ടറി വി. സുഫിയാൻ, ജോയിന്റ് സെക്രട്ടറി അനുഷ റോബി, ചെയർപേഴ്‌സൺ പി.കെ. ഷിഫാന എന്നിവരെ തോളിലേറ്റി കാമ്പസിൽ നടന്ന ആഹ്ളാദപ്രകടനം
കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎസ്എഫിന്റെ ജനറൽസെക്രട്ടറി വി. സുഫിയാൻ, ജോയിന്റ് സെക്രട്ടറി അനുഷ റോബി, ചെയർപേഴ്‌സൺ പി.കെ. ഷിഫാന എന്നിവരെ തോളിലേറ്റി കാമ്പസിൽ നടന്ന ആഹ്ളാദപ്രകടനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ്-കെഎസ്യു സഖ്യത്തിന് മിന്നും ജയം. മുഴുവന്‍ ജനറല്‍ സീറ്റുകളും നിലനിര്‍ത്തി. കഴിഞ്ഞതവണ യുഡിഎസ്എഫ് പിടിച്ചെടുത്ത ഏഴുസീറ്റുകളിലും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിലാണ് ജയം. 539 വോട്ടര്‍മാരില്‍ 518 പേര്‍ വോട്ട്‌ചെയ്തു. തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലാ പ്രതിനിധിസീറ്റുകള്‍ മാത്രമേ ഇക്കുറിയും എസ്എഫ്‌ഐയ്ക്കുള്ളൂ.

തൃശ്ശൂര്‍ പുല്ലൂറ്റ് കെകെടിഎം കോളേജിലെ പി.കെ. ഷിഫാനയാണ് ചെയര്‍പേഴ്‌സണ്‍. 299 വോട്ട് നേടിയ ഷിഫാനയ്ക്ക് 93 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എംഎസ്എഫിന്റെ ആദ്യ വനിതാ ചെയര്‍പേഴ്‌സണും നാലാമത്തെ ചെയര്‍പേഴ്‌സണുമാണ് ഷിഫാന.

യുഡിഎസ്എഫ് മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനു പുറമേ , വൈസ് ചെയര്‍പേഴ്‌സണ്‍, ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍സെക്രട്ടറി സ്ഥാനങ്ങള്‍ സഖ്യത്തിലെ എംഎസ്എഫിനാണ്. മലപ്പുറം, കോഴിക്കോട് ജില്ലാ പ്രതിനിധികളും എംഎസ്എഫില്‍നിന്നാണ്. ജോയിന്റ് സെക്രട്ടറി സ്ഥാനം കെഎസ്യുവിനാണ്.

വടകര എംഎച്ച്ഇഎസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എ.സി. മുഹമ്മദ് ഇര്‍ഫാന്‍ 84 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വൈസ് ചെയര്‍പേഴ്‌സണായി. ചെത്തുകടവ് എസ്എന്‍എസ് കോളജ് ഓഫ് ആര്‍ട്‌സ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റിലെ നാഫിറ ബിര്‍റ ലേഡി വൈസ് ചെയര്‍പേഴ്‌സണായി. കോട്ടയ്ക്കല്‍ പറപ്പൂര്‍ ഫാറൂഖ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വി. സുഫിയാന്‍ ജനറല്‍സെക്രട്ടറിയായി. ജോയിന്റ് സെക്രട്ടറിയായത് കെഎസ്യു സ്ഥാനാര്‍ഥി തൃശ്ശൂര്‍ ഗവ. ലോ കോളജിലെ അനുഷ റോബിയാണ്. ജില്ലാ പ്രതിനിധികള്‍: കൊണ്ടോട്ടി ഇഎംഇഎ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സല്‍മാനുല്‍ ഫാരിസ് ബിന്‍ അബ്ദുള്ള, മുക്കം മണാശ്ശേരി മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജിലെ സഫ്വാന്‍ ഷമീം ഇരുവരും യുഡിഎസ്എഫ് സ്ഥാനാര്‍ഥികളാണ്. ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സലാഹുദ്ദീന്‍ റുഷീദ്, തൃശ്ശൂര്‍ സെയ്ന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഫര്‍ഹാന്‍ അബ്ദുള്‍ മുത്തലീഫ്, സുല്‍ത്താന്‍ബത്തേരി സെന്റര്‍ ഫോര്‍ പിജി സ്റ്റഡീസ് ഇന്‍ സോഷ്യല്‍ വര്‍ക്കിലെ പി.എസ്. ചന്ദന (വയനാട്) എന്നിവരാണ് എസ്എഫ്‌ഐയില്‍നിന്നു വിജയിച്ചവര്‍.

Content Highlights: MSF-KSU wins all general seats in Calicut University student union elections