പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കി,ഉത്തരക്കടലാസ് കാണ്‍മാനില്ല;കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരേ പരാതി

കാലിക്കറ്റ് സർവകലാശാലാ കവാടം (ഫയൽ ചിത്രം) | ഫോട്ടോ: സതീഷ് കുമാർ കെ.ബി / മാതൃഭൂമി
കാലിക്കറ്റ് സർവകലാശാലാ കവാടം (ഫയൽ ചിത്രം) | ഫോട്ടോ: സതീഷ് കുമാർ കെ.ബി / മാതൃഭൂമി

കോഴിക്കോട്: കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് നഷ്ടപ്പെട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഉത്തരക്കടലാസ് കാണാനില്ലെന്ന് പരാതി. വയനാട് ഓറിയന്റല്‍ കോളേജില്‍ പഠിച്ച ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കിയിരുന്ന പേപ്പറാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ട്.

ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കി ആറ് മാസത്തിനുശേഷം ഫലം വരാത്തത് അന്വേഷിച്ചതിന് പിന്നാലെയാണ് ഉത്തരക്കടലാസ് കാണാനില്ലെന്ന കാര്യം അറിയുന്നതെന്നാണ് വിദ്യാര്‍ഥിയുടെ മാതാവ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 29-നാണ് പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കുന്നത്. ഇത് കൊടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലം വരാത്തതിനെ തുടര്‍ന്ന് സര്‍വകലാശാലയില്‍ എത്തി അന്വേഷിച്ചപ്പോള്‍ മൂല്യനിര്‍ണയം പുരോഗമിക്കുകയാണെന്നാണ് അറിയിച്ചത്. 

പിന്നീട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനായി ഒരു നമ്പര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നു. ഈ നമ്പറില്‍ വിളിച്ചപ്പോഴെല്ലാം മറ്റുപലരേയും ബന്ധപ്പെടാനായിരുന്നു പറഞ്ഞിരുന്നതെന്നും വിദ്യാര്‍ഥിയുടെ അമ്മ കുറ്റപ്പെടുത്തുന്നു. അമ്മ നേരിട്ട് സര്‍വകലാശാലയില്‍ എത്തിയപ്പോഴും പുനര്‍മൂല്യനിര്‍ണയും പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പിന്നീട് മറ്റ് വഴികളില്‍ നടത്തിയ അന്വേഷണത്തിലാണ് പേപ്പര്‍ നഷ്ടപ്പെട്ട വിവരം വിദ്യാര്‍ഥിയുടെ കുടുംബം അറിയുന്നത്. 

പേപ്പര്‍ മൂല്യനിര്‍ണയത്തിന് നല്‍കിയ വിദ്യാര്‍ഥി പിന്നീട് ജോലി ശരിയായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് പോകുകയായിരുന്നു. ഇതിനുശേഷമാണ് മൂല്യനിര്‍ണയത്തിന്റെ റിസള്‍ട്ട് സംബന്ധിച്ച് അന്വേഷിക്കാന്‍ മാതാവിനോട് ആവശ്യപ്പെടുന്നത്. സര്‍വകലാശാലയില്‍ നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെയാണ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷനില്‍ ബന്ധപ്പെടുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടുവെന്നുള്ള വിവരം അറിയുന്നത്.

അതേസമയം കേരള സര്‍വകലാശാലയ്ക്ക് കീഴിലെ 71 എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. അഞ്ച് കോളേജുകളിലെ വിദ്യാര്‍ഥികളാണ് പ്രതിസന്ധി നേരിടുന്നത്. 2024 മെയ് മാസത്തില്‍ പരീക്ഷ നടന്ന പ്രൊജക്റ്റ് ഫിനാന്‍സിന്റെ ഉത്തര പേപ്പറാണ് അധ്യാപകന്റെ കൈയില്‍നിന്ന് നഷ്ടമായത്. മൂല്യനിര്‍ണയത്തിനുശേഷം വരുന്ന വഴിക്ക് ഈ പേപ്പറുകള്‍ നഷ്ടമായ വിവരം അധ്യാപകന്‍ സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു. ഇതിന് പകരമായി ഈ വിദ്യാര്‍ഥികളോട് ഒരു സ്‌പെഷ്യല്‍ പരീക്ഷ എഴുതാന്‍ സര്‍വകലാശാല ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. ഏപ്രില്‍ മാസം ഏഴാം തിയ്യതിയാണ് പരീക്ഷ നടക്കുക. രാവിലെ 9.30 മുതല്‍ 12.30 വരേയാണ് പരീക്ഷ. 

വിദ്യാര്‍ഥികളുടെ മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷ കഴിഞ്ഞെങ്കിലും ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. തുടര്‍ന്ന് പരീക്ഷാഫലത്തെ കുറിച്ച് അന്വേഷിച്ച് പലരും സര്‍വകലാശാലയില്‍ പോയപ്പോള്‍ 'അധ്യാപകന്റെ കൈയില്‍ നിന്ന് പേപ്പര്‍ മിസ് ആയി, സ്‌പെഷ്യല്‍ പരീക്ഷ ഫീസ് ഇല്ലാതെ എഴുതാമല്ലോ' എന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റ് വിദ്യാര്‍ഥികള്‍ക്കില്ലാത്ത പ്രശ്‌നം എന്താണ് നിങ്ങള്‍ക്കെന്നും ചോദിച്ചു. വിദ്യാര്‍ഥികളില്‍ പലര്‍ക്കും പരീക്ഷ അറിയിച്ചുള്ള മെയില്‍ ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കോഴ്‌സ് കഴിഞ്ഞിട്ടും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയിലാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.


 

Content Highlights: A student`s re-evaluation exam paper goes missing at Calicut University.