നാലുവർഷ ഡിഗ്രി നിർബന്ധിത ഇന്റേൺഷിപ്പിന് ഫീസ്; കോടികളുടെ അഴിമതിയെന്ന് ആരോപണം

തേഞ്ഞിപ്പലം: നാലുവർഷ ഡിഗ്രി വിദ്യാർഥികളിൽനിന്ന് പ്രായോഗിക പരിശീലനത്തിന്റെ പേരിൽ നിർബന്ധിത ഫീസ് ഈടാക്കുന്നതിൽ ക്രമക്കേടും അഴിമതിയും ഉണ്ടെന്ന് ആരോപിച്ച് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർക്കു പരാതി നൽകി. 80 കോടിയിലധികം രൂപയുടെ ഇടപാടിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം. വിഷയത്തിൽ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവും വേണമെന്നും ആവശ്യമുണ്ട്.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിച്ച പോർട്ടൽ വഴിയാണ് പ്രായോഗിക പരിശീലനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുള്ളത്. പാഠ്യപദ്ധതി പ്രകാരം അഞ്ചു ദിവസത്തെ നിർബന്ധിത പ്രായോഗിക പരിശീലനം പൂർത്തിയാക്കാതെ വിദ്യാർഥികൾക്ക് ബിരുദം ലഭിക്കില്ല. എന്നാൽ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർഥികളിൽനിന്ന് 12000 രൂപ വരെ ഫീസ് ഈടാക്കിയാണ് രജിസ്റ്റർ ചെയ്യുന്നത് എന്നാണ് ആരോപണം.
പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള 162 കമ്പനികളും പെയ്ഡ് ഇന്റേൺഷിപ്പ് വിഭാഗത്തിലാണുള്ളത്. അൺപെയ്ഡ് ഇന്റേൺഷിപ്പ്, സ്‌റ്റൈപൻഡോടുകൂടിയ ഇന്റേൺഷിപ്പ് വിഭാഗങ്ങളിൽ ഒരു സ്ഥാപനവും ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ഗുരുതരമായ ആരോപണം. ഇതുവഴി വിദ്യാർഥികൾക്ക് ഫീസ് അടയ്ക്കാതെ നിർബന്ധിത പ്രായോഗിക പരിശീലനം പൂർത്തിയാക്കാനുള്ള അവസരം ഇല്ലാതായെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഒരു ബാച്ചിൽമാത്രം ഒന്നര ലക്ഷത്തിലധികം വിദ്യാർഥികൾ നാലുവർഷ ബിരുദ കോഴ്‌സ് പഠിക്കുന്നുണ്ട്. ഓരോ വിദ്യാർഥിയിൽനിന്നും ഈടാക്കുന്ന തുക കൂട്ടിച്ചേർക്കുമ്പോൾ 80 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടക്കും.
Content Highlights: Calicut University Degree Internships: Syndicate Member Alleges Rs 80 Crore Scam to Governor