കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; അമ്പതോളം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടത്തിൽപ്പെട്ട ബസ് | ഫോട്ടോ: മാതൃഭൂമി
അപകടത്തിൽപ്പെട്ട ബസ് | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: അരയിടത്തുപാലത്ത് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് ബസ് മറിഞ്ഞ് അപകടം. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുതുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവർ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബേബി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

അയിഷാബി (60), സരള (58), പ്രബിത(40), അമീറ (37), ജുനൈദ് (25), അനിഷ (38), ഉണ്ണി (49), ദിഥി (33), റിഷാന (21), ലീല (56), ഹനീഷ (40), ഫാബിയ(16), മുസ്തഫ(19), ദിയ (20), ഫാത്തിമ സഫ (20), ഗാര്‍ഗി (35), ദിയ റഷീദ് (26), അംന (19), അമൃത (26), സീന(42), ലളിത (64), അലയ (22), ബാദിറാമു (74), ഷമ്മാസ് (74), വൈഷ്ണവി (19), നാസര്‍ (53), ഹരിത(26), തസ്ലീന(47), ഓമന (46), ഇയ്യത്തുമ്മ (57), ഫാത്തിമ ഹെന (24), അക്ഷയ(22ന), അശ്വനി(24), ഫാത്തിമ (30), ഫസീല (34), ശ്രുതി (30), സരിത് കുമാര്‍ (47), ജമീല (57), അബ്ദുല്‍ ഖാദര്‍ (67), രജീഷ് (26) തുടങ്ങി നാല്‍പത്തിയൊന്നുപേരെയാണ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒന്‍പത് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്. 

അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. 

Content Highlights: Bus accident in Kozhikode passengers injured