'മധുരപലഹാരവും കഴിച്ച് സന്തോഷിച്ചിരിക്കുമ്പോൾ സ്ഫോടനം, മരിച്ചെന്ന വാർത്ത നാട്ടിൽ പരന്നു'

ബാലുശ്ശേരി: ഭീകരരുടെ ആക്രമണം നൽകിയ വേദനയിൽനിന്ന് മുക്തനായിട്ടില്ലെങ്കിലും പാകിസ്താനിലെ ഭീകരത്താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഏറെ സന്തോഷിക്കുകയാണ് ബിഎസ്എഫ് ജവാൻ പനങ്ങാട് അറപ്പീടിക തിരങ്കയിൽ ജവാൻ സന്തോഷ് കുമാർ. 2007 ജനുവരി 23-ന് കശ്മീരിലെ പുൽവാരയിലെ അനന്തപുരയ്ക്കടുത്തുണ്ടായ ഭീകരാക്രമണത്തിലാണ് സന്തോഷിന് സാരമായി പരിക്കേറ്റത്. സന്തോഷ് കുമാർ അടക്കം എട്ട് ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരേയാണ് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കുഴിബോംബ് ആക്രമണം നടത്തിയത്. കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് ജവാന്മാർ തത്‌ക്ഷണം വീരമൃത്യു വരിച്ചിരുന്നു. രണ്ടുപേർ ചികിത്സയ്ക്കിടയിലും മരിച്ചു. നാലുപേർ ഇന്നും വേദന അനുഭവിച്ചുകഴിയുകയാണ്.
143 സിആർപി ഓഫ് ബറ്റാലിയയിലെ അംഗങ്ങളായിരുന്നു ആക്രമണത്തിന് ഇരയായവർ. പ്രൊട്ടക്‌ഷൻ ഡ്യൂട്ടിക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. വയറിനും കൈക്കും മാരകമായി പരിക്കേറ്റ സന്തോഷ് കുമാർ മിലിറ്ററി ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞു.
തന്നോടൊപ്പം ജോലിചെയ്തിരുന്ന സഹപ്രവർത്തകരുടെ വേർപാടിന്റെ വേദന ഇന്നും അനുഭവിക്കുകയാണ് സന്തോഷ് കുമാർ. മധുരപലഹാരവും കഴിച്ച് സന്തോഷിച്ചിരിക്കുമ്പോഴാണ് അവിചാരിതമായി സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞു. ഒടിഞ്ഞകൈ നിവർത്താൻകഴിയാതെയും വയറിനേറ്റ മുറിവിന്റെ വേദന സഹിച്ചുമാണ് ഏറെക്കാലം ജോലിചെയ്തത്.
തീവ്രവാദികളുടെ കുഴിബോംബ് ആക്രമണത്തിൽ മലയാളി ജവാൻ മരിച്ചു എന്ന വാർത്തയായിരുന്നു ആദ്യം നാട്ടിൽ പരന്നത്. വീട്ടിലും ഇതുമായി ബന്ധപ്പെട്ട സന്ദേശമെത്തിയതായി സന്തോഷ് കുമാർ ഓർക്കുന്നു. എന്നാൽ, സൈനിക ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഒരു പുനർജന്മംപോലെ ജീവൻ തിരിച്ചുകിട്ടി എന്നാണ് സന്തോഷ് കുമാർ പറയുന്നത്.
വയറിനും കൈക്കും മാരകമായ മുറിവേറ്റതിനാൽ ഇന്നും അതിന്റെതായ അസ്വസ്ഥതകൾപേറി കഴിയുകയാണ് ഇദ്ദേഹം. ചികിത്സയ്ക്കുശേഷം ഏറെക്കാലം മണിപ്പുർ ബറ്റാലിയനിലാണ് ജോലിചെയ്തിരുന്നത്. 23 വർഷത്തെ സൈനിക സേവനത്തിനുശേഷം ഈ മാസം ഏഴാംതീയതി ജോലിയിൽനിന്ന് വിരമിച്ചു. ഭീകരരുടെ ആക്രമണത്തിന് ഇരയായിരുന്നില്ലെങ്കിൽ ഉയർന്ന റാങ്കിൽനിന്ന് വിരമിക്കാൻ കഴിയുമായിരുന്നു എന്ന സങ്കടവും ഇദ്ദേഹം പങ്കുവെക്കുന്നു.
ഭീകരാക്രമണത്തിന്റെ വേദനയിൽ കഴിയുമ്പോഴും ഭീകരവാദികളെ ഇന്ത്യ തുരത്തി എന്ന വാർത്ത ഈ സൈനികന് ആശ്വാസമാകുന്നുണ്ട്. ഭാര്യയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബമാണ് സന്തോഷിന്റേത്.
Content Highlights: bsf jawan kozhikkode on operation sindoor india pak conflict