തിരുവനന്തപുരത്ത് ഇറക്കിയത് എഫ് 35 യുദ്ധവിമാനം; വിമാനത്തിനരികില്‍ കസേരയിട്ടിരുന്ന് പൈലറ്റ്

ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ഇന്ധനം നിറയ്ക്കുന്നു
ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ഇന്ധനം നിറയ്ക്കുന്നു

തിരുവനന്തപുരം: അറബിക്കടലില്‍ സൈനിക അഭ്യാസം നടത്തുന്നതിനിടയില്‍ ഇന്ധനം കുറഞ്ഞുപോയതോടെ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. കേരള തീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ (185 കിലോമീറ്റര്‍) അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലില്‍നിന്ന് പറന്നുയര്‍ന്ന എഫ് 35 വിമാനമാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് ഇറക്കിയത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. എന്നാല്‍ ഇതിന് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

സൈനിക അഭ്യാസത്തിന്റെ ഭാഗമായി കടലില്‍ 36000 അടിയോളം പറന്നുയര്‍ന്ന വിമാനത്തിനു പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ലാന്‍ഡ് ചെയ്യാനായില്ല. ശക്തിയേറിയ കാറ്റും ഉയര്‍ന്ന തിരമാലയും മൂടല്‍മഞ്ഞും കാരണം വിമാനത്തിന് യുദ്ധക്കപ്പലിലെ ഫ്‌ലൈറ്റ് ഡെക്ക് കാണാനാകാത്ത അവസ്ഥയായിരുന്നു. പലതവണ വട്ടമിട്ട് പറന്ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഇന്ധനം തീര്‍ന്നത്. തുടര്‍ന്നാണ് ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

ക്യാപ്റ്റന്‍ മൈക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനം തിരുവനന്തപുരത്ത് ഇറങ്ങാനുള്ള അനുമതി ആവശ്യപ്പെടുകയായിരുന്നു. വിമാനത്താവള അധികൃതര്‍ പ്രതിരോധ വകുപ്പിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും പ്രത്യേക അനുമതിയോടെ എഫ് 35-ന് റണ്‍വേയില്‍ ഇറങ്ങാന്‍ സൗകര്യം ഒരുക്കി. അടിയന്തരസാഹചര്യം പ്രഖ്യാപിച്ച് പ്രത്യേക സംവിധാനങ്ങളൊരുക്കിയാണ് യുദ്ധവിമാനത്തെ ലാന്‍ഡ് ചെയ്യിപ്പിച്ചത്. രാത്രി 9.30-ഓടെയാണ് വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി എത്തിച്ചത്. തുടര്‍ന്ന് ഞായറാഴ്ച ഇവിടെനിന്ന് വിമാനത്തില്‍ ഇന്ധനം നിറച്ചു. ഇതിനു ശേഷം പ്രതിരോധ വകുപ്പിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും പരിശോധനകള്‍ നടത്തി. എന്നാല്‍, സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര. വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കായുള്ള സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തി.

വന്നത് എഫ് 35

ലോകത്തെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങളിലൊന്നാണ് അമേരിക്കന്‍ നിര്‍മിതമായ എഫ് 35. സഖ്യകക്ഷികള്‍ക്കുപുറമേ ഇന്ത്യക്കും എഫ് 35 നല്‍കാന്‍ തയ്യാറെന്ന് നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനംചെയ്തിരുന്നു. ഇലക്ട്രോണിക്‌സ് വാര്‍ഫെയര്‍ സംവിധാനമുള്‍പ്പെടുന്ന ബഹുതല പോര്‍വിമാനമാണിത്.

അടിയന്തരഘട്ടത്തിലെ സഹായം

അടിയന്തരസാഹചര്യമുണ്ടായാല്‍ സൈനിക അഭ്യാസത്തിനെത്തിയ യുദ്ധകപ്പലില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഇറങ്ങാനുള്ള അനുമതി നല്‍കണമെന്ന് ബ്രിട്ടീഷ് നാവികസേന നേരത്തേ ആവശ്യപ്പെട്ടിരുന്നതായി വിമാനത്താവള അധികൃതര്‍. ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു യുദ്ധക്കപ്പലിലെ ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്‍ വിമാനത്താവള അധികൃതര്‍ക്ക് സന്ദേശം കൈമാറിയത്. തുടര്‍ന്ന് എയര്‍ഡിഫന്‍സ് ക്ലിയറന്‍സിനും(എഡിസി) മിലിറ്ററി ലെയ്‌സണ്‍ യൂണിറ്റിനും(എംഎല്‍യു) ഈ വിവരം കൈമാറി. ഇവരുടെ അനുമതിയും ലഭിച്ചിരുന്നു. ഇക്കാര്യം നിലനില്‍ക്കെയാണ് രാത്രിയോടെ ഇന്ധനം കുറവായ യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടിയത്.

സാധാരണസംഭവമെന്ന് വ്യോമസേന

ന്യൂഡല്‍ഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എഫ് 35 ഫൈറ്റര്‍ ജെറ്റ് അടിയന്തര ലാന്‍ഡിങ് നടത്തിയത് സാധാരണസംഭവമെന്ന് വ്യോമസേന. ഇക്കാര്യം അറിയാമായിരുന്നെന്നും സുരക്ഷാകാരണങ്ങളാലാണ് വിമാനത്തിന് സൗകര്യമൊരുക്കിയതെന്നും വ്യോമസേന അറിയിച്ചു.

വിമാനത്തിനരികില്‍ കസേരയിട്ട് പൈലറ്റ്

യുദ്ധവിമാനത്തിലെ പൈലറ്റ് മൈക്കിനെ കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിച്ചത്. തുടര്‍ന്ന് പൈലറ്റിനെ സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കൊണ്ടുപോകാനായി വ്യോമസേന ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വിമാനത്തിനടുത്തുനിന്ന് പോകാന്‍ അദ്ദേഹം വിസമ്മതിച്ചു. തനിക്ക് ഒരു കസേര വേണമെന്ന് ആവശ്യപ്പെട്ട് അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഏറെനേരം വിമാനത്തിനടുത്ത് കസേരയിട്ട് വിശ്രമിച്ചതിനുശേഷമാണ് പൈലറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളിലേക്കു പോയത്. 

Content Highlights: A British F-35 fighter jet made an emergency landing at Trivandrum airport due to fuel exhaustion