PSC-ശ്രീചിത്ര ജോലിതട്ടിപ്പ്; ബെന്നി പെരുവന്താനത്തിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി, കീഴടങ്ങാൻ ഉത്തരവ്

തിരുവനന്തപുരം: പിഎസ്‌സിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പേരില്‍ ജോലിതട്ടിപ്പ് നടത്തിയ കേസില്‍ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ബെന്നി പെരുവന്താനത്തിന് തിരിച്ചടി. കേസില്‍ ബെന്നിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. നിരവധി പേരില്‍നിന്ന് കോടിക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ബിജെപിയില്‍നിന്ന് രാജിവെച്ചിരുന്നു.
നേരത്തേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കീഴ്‌ക്കോടതിയും ബെന്നി പെരുവന്താനത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഗുരുതരമായ തൊഴില്‍തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നും രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന നിലപാടിലാണ് കോടതി. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഫൈസലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജേഷ്, അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
തൊഴില്‍ തേടുന്നവരുടെ വിശ്വാസ്യത ആര്‍ജിക്കാനായി തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ഓഫീസില്‍ ഉദ്യോഗാര്‍ഥികളെ വിളിച്ചുവരുത്തി ഈ റാക്കറ്റ് പണം വാങ്ങാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തില്‍ രണ്ട് മക്കളുടെ ജോലിക്കായി 15 ലക്ഷം രൂപ നല്‍കിയ ഇടുക്കി ഏലപ്പാറയിലെ ഒരു രക്ഷിതാവ് ഇക്കാര്യം മാതൃഭൂമി ന്യൂസിനെ അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ചു. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.