ശ്രീലേഖ വട്ടിയൂർക്കാവിൽ; ശോഭ പാലക്കാട്ട്; തൃപ്പൂണിത്തുറയിലെ പരിഗണനാപ്പട്ടികയിൽ നടി ശ്വേതാമേനോനും

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ മുൻ ഡി.ജി.പി. ആർ. ശ്രീലേഖതന്നെ സ്ഥാനാർഥി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗൺസിലറുമായ അവർ ശനിയാഴ്ച നർമദ കോംപ്ലക്സിനുസമീപം പത്തരയോടെ ചുവരെഴുതി പ്രചാരണത്തിന് തുടക്കമിടും. എന്നാൽ, കേരളത്തിലെ സ്ഥാനാർഥിപ്രഖ്യാപനം ഉടനുണ്ടാകില്ല. സാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങാൻ പാർട്ടി നേരത്തേ അനുമതിനൽകിയതിനാൽ പ്രമുഖനേതാക്കളെല്ലാം കളത്തിലിറങ്ങിക്കഴിഞ്ഞു.
ബി.ഡി.ജെ.എസ്., ട്വന്റി 20 തുടങ്ങിയ എൻ.ഡി.എ. ഘടകകക്ഷികളുമായി ആദ്യഘട്ടചർച്ചകളേ നടന്നിട്ടുള്ളൂ. ബി.ഡി.ജെ.എസിന് 30, ട്വന്റി 20-യ്ക്ക് 10-12 സീറ്റുകൾ എന്നിങ്ങനെ നൽകിയേക്കും. ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിയും ട്വന്റി 20-യിലെ സാബു ജേക്കബും മത്സരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നുണ്ട്. തുഷാർ കുട്ടനാട്ടും സാബു ജേക്കബ് തൃപ്പൂണിത്തുറയിലും മത്സരിക്കണമെന്നാണ് ബി.ജെ.പി.യുടെ നിലപാട്.
വട്ടിയൂർക്കാവിൽ കെ. മുരളീധരനെതിരേ സഹോദരി പത്മജയെ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പി.യുടെ ശ്രമം. എന്നാൽ, തൃശ്ശൂരിലേക്കാണ് പത്മജയെ ഇപ്പോൾ പരിഗണിക്കുന്നത്. തൃശ്ശൂരിലല്ല പത്മജ മത്സരിക്കുന്നതെങ്കിൽ ക്രിസ്ത്യൻ സമുദായത്തിൽനിന്നൊരാളെ സ്ഥാനാർഥിയാക്കും. കഴിഞ്ഞ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. മുന്നിലെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്.
ശോഭാ സുരേന്ദ്രനെ പരിഗണിച്ചിരുന്ന കായംകുളം, അരൂർ മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥിയായില്ല. രണ്ടിടത്തും ബി.ഡി.ജെ.എസിനാണ് സാധ്യത. ശോഭ പാലക്കാട്ട് സ്ഥാനാർഥിയാകും.
52 മണ്ഡലങ്ങളിലെ പട്ടികയാണ് കേന്ദ്രഘടകത്തിന് കൈമാറിയത്. നേമം-രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടം-വി. മുരളീധരൻ, കാട്ടാക്കട-പി.കെ. കൃഷ്ണദാസ്, ആറ്റിങ്ങൽ-ജി.എസ്. ആശാനാഥ്, തിരുവനന്തപുരം-കരമന ജയൻ, ജി. കൃഷ്ണകുമാർ, രാജശേഖരൻനായർ, കൊല്ലം-പ്രശാന്ത്, ചാത്തന്നൂർ-ബി.ബി. ഗോപകുമാർ, കരുനാഗപ്പള്ളി-ജിതിൻ ദേവ്, കൊട്ടാരക്കര-ആർ. രശ്മി, പത്തനാപുരം-അഖിൽ മാരാർ, തിരുവല്ല-അനൂപ് ആന്റണി, ആറന്മുള-കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ചെങ്ങന്നൂർ-സന്ദീപ് വാചസ്പതി, എം.വി. ഗോപകുമാർ, മഞ്ചേശ്വരം-കെ. സുരേന്ദ്രൻ, കോഴിക്കോട് നോർത്ത്-നവ്യ ഹരിദാസ്, ഷൊർണൂർ-ശങ്കു ടി. ദാസ്, മലമ്പുഴ-സി. കൃഷ്ണകുമാർ, പാലാ-ഷോൺ ജോർജ്, കാഞ്ഞിരപ്പള്ളി-കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൊടുങ്ങല്ലൂർ-ബി. ഗോപാലകൃഷ്ണൻ, തലശ്ശേരി-യുവമോർച്ച പ്രഭാരി-ഒ. നിധീഷ് തുടങ്ങിയവർ കേന്ദ്രഘടകത്തിനു കൈമാറിയ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്.
തൃപ്പൂണിത്തുറയിലെ പരിഗണനാപ്പട്ടികയിൽ നടി ശ്വേതാമേനോനും നെടുമങ്ങാട്ടേക്ക് യുവരാജ് ഗോകുലുമുണ്ട്.
Content Highlights: Former DGP R Sreelekha to contest from Vattiyoorkavu., BJP finalizing seat-sharing with BDJS and Twenty20., Prominent leaders like K Surendran, Sobha Surendran, and Kummanam Rajasekharan in the probables list., Strategic focus on constituencies where BJP performed well in previous elections