മാസങ്ങൾക്കുമുമ്പേ പ്രചാരണം തുടങ്ങി; പക്ഷേ പട്ടിക വന്നപ്പോൾ മുതിർന്ന BJP നേതാക്കൾ കളത്തിനു പുറത്ത്

തൃശ്ശൂർ: സ്ഥാനാർഥിയാകുമെന്നുറപ്പിച്ച് തൃശ്ശൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ മാസങ്ങൾക്കുമുൻപേ പ്രവർത്തനം തുടങ്ങിയിരുന്ന ബി.ജെ.പി.യുടെ മുതിർന്ന നേതാക്കൾ ഒടുവിൽ പട്ടിക വന്നപ്പോൾ പുറത്തായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ എന്നിവർക്കാണ് കളമൊഴിയേണ്ടിവന്നത്. ഏറെനാളായി തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം.ടി. രമേശിന്റെ സ്ഥാനാർഥിത്വം ഏറക്കുറെ ഉറപ്പിച്ചിരുന്നു. തനിക്ക് താത്പര്യമുള്ള മണ്ഡലമായി രമേശ് നേതൃത്വത്തെ അറിയിച്ചതും തൃശ്ശൂരായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം തൃശ്ശൂരിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ച രമേശിന് മണ്ഡലത്തിലെ സംഘടനാസംവിധാനവുമായി മികച്ച ബന്ധമാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും തൃശ്ശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ രമേശ് ശ്രദ്ധിച്ചിരുന്നു. തൃശ്ശൂരിൽ ബി.ജെ.പി.ക്ക് അനുകൂലമായി വന്ന രാഷ്ട്രീയാന്തരീക്ഷം പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.
പക്ഷേ, ഒടുവിൽ സ്ഥാനാർഥിപ്പട്ടിക വന്നപ്പോൾ മണ്ഡലം പദ്മജ വേണുഗോപാൽ സ്വന്തമാക്കി. ആറന്മുള തിരഞ്ഞെടുക്കാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും രമേശ് തീരുമാനമെടുത്തിട്ടില്ല. തൃശ്ശൂരിൽ അവസരം കിട്ടാത്ത സാഹചര്യത്തിൽ മത്സരരംഗത്തുണ്ടാകില്ലെന്നാണ് വിവരം.
കൊടുങ്ങല്ലൂരിൽ ആറുമാസത്തോളമായി ബി. ഗോപാലകൃഷ്ണൻ അനൗപചാരിക പ്രവർത്തനം തുടങ്ങിയിരുന്നു. കൊടുങ്ങല്ലൂർ നഗരസഭയിലുൾപ്പെടെയുള്ള ഭൂരിപക്ഷത്തിലായിരുന്നു പ്രതീക്ഷ.
എന്നാൽ, എൻ.ഡി.എ. മുന്നണിധാരണയുടെ ഭാഗമായി അപ്രതീക്ഷിതമായാണ് ട്വന്റി 20-ക്ക് മണ്ഡലം വിട്ടുനൽകിയത്. സംഘടനാതലത്തിൽ ഏറെ ഇടപെടൽ നടത്തിയശേഷം ബി.ജെ.പി. മണ്ഡലം ഉപേക്ഷിച്ചത് അണികളെയും നിരാശരാക്കിയിട്ടുണ്ട്. നിലവിൽ ഗുരുവായൂർ മണ്ഡലത്തിൽ മത്സരിക്കാൻ ഗോപാലകൃഷ്ണന് അവസരമുണ്ടാകുമെന്നാണ് അറിയുന്നത്.
Content Highlights: Senior BJP leaders MT Ramesh and B Gopalakrishnan excluded from candidate list., MT Ramesh lost Thrissur constituency to Padmaja Venugopal., Kodungallur seat allocated to Twenty20 under NDA alliance., Internal dissatisfaction reported among party workers due to seat allocation.