'ലഹരിക്കച്ചവടം ഏറ്റവും കൂടുതൽ ജയിലിൽ; ഇത് രാഷ്ട്രീയ വേട്ടയാടൽ, ജനങ്ങൾക്കായി ഇനിയും ജയിലിൽ പോകാൻ തയ്യാർ' - സുഗതൻ

#ന്യൂസ് ഡെസ്ക്
ആർ. സുഗതൻ
ആർ. സുഗതൻ

തിരുവനന്തപുരം: കാപ്പ ചുമത്തി തന്നെ ജയിലിൽ അടച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന ആരോപണവുമായി തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ. കാപ്പ (KAAPA) പ്രകാരമുള്ള കരുതൽ തടങ്കൽ റദ്ദാക്കപ്പെട്ട് ജയിൽ മോചിതനായി പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുഗതൻ. തനിക്കെതിരെയുള്ള നടപടികൾ കേവലം രാഷ്ട്രീയ വേട്ടയാടലാണെന്നും ജനകീയ ആവശ്യങ്ങൾക്കായും നാടിന്റെ വികസനത്തിനും വേണ്ടി ഇനിയും ജയിലിൽ പോകാൻ തയ്യാറാണെന്നും സുഗതൻ പറഞ്ഞു.

നാല് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് സുഗതൻ ചൊവ്വാഴ്ച വൈകീട്ടോടെ പുറത്തിറങ്ങിയത്. ജനപ്രതിനിധി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കാനും ജനകീയ പോരാട്ടങ്ങളെ തളർത്താനും സംസ്ഥാനം ഭരിക്കുന്ന പാർട്ടി നടത്തിയ രാഷ്ട്രീയ നീക്കമാണ് തനിക്കെതിരെയുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കൊപ്പം നിലയുറപ്പിച്ച പാർട്ടി പ്രവർത്തകർക്കും, വാർഡിലെ ജനങ്ങൾക്കും, കേസ് നടത്തിയ അഭിഭാഷകരായ സുബിൻ, രഞ്ജു ഭാസ്‌കർ എന്നിവർക്കും മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് എട്ടു വർഷം മുമ്പ് തുടങ്ങിയ ജനകീയ സമരത്തിന്റെ സംഘാടകനായി പ്രവർത്തിച്ചത് മുതലാണ് തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ചതെന്ന് സുഗതൻ പറഞ്ഞു. ഫണ്ട് അനുവദിച്ചിട്ടും റോഡ് വികസനം നടപ്പിലാകാത്തതിന് എതിരെയായിരുന്നു സമരം. 'പ്രദേശത്തെ ജനമൈത്രി അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും പിന്തുണയോടെ ജനകീയ സമരത്തിൽ പങ്കാളിയായ എന്നെ ഗുണ്ടാ ആക്ട് ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു.' സുഗതൻ പറഞ്ഞു.

ഒരു വർഷം മുമ്പ് സമരത്തിനിടെ തന്നെ ആക്രമിക്കുകയും, താൻ ആശുപത്രിയിൽ ഐസിയുവിൽ കിടന്ന സമയത്ത് സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നുവെന്നും സുഗതൻ ആരോപിക്കുന്നു. നാടിന്റെ വികസനത്തിനായി തുടങ്ങിയ പോരാട്ടങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും, ജനങ്ങൾക്കായി വീണ്ടും ജയിലിൽ പോകേണ്ടി വന്നാലും അതിന് തയ്യാറാണെന്നും സുഗതൻ പറഞ്ഞു.

തന്റെ കൗൺസിലർ സ്ഥാനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ലീവ് അപേക്ഷയിൽ, തനിക്ക് അനുകൂലമായി നിയമപരമായ കുറിപ്പെഴുതിയ അണ്ടർ സെക്രട്ടറിയെ വരെ മാറ്റിയ നടപടി രാഷ്ട്രീയ തിരിമറിയുടെ തെളിവാണെന്നും സുഗതൻ ആരോപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷും മറ്റ് കൗൺസിലർമാരും തനിക്കൊപ്പം ഉറച്ചുനിന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിനുള്ളിലെ അവസ്ഥയെക്കുറിച്ചും തിരുത്തൽ നടപടികളുടെ അഭാവത്തെക്കുറിച്ചും സുഗതൻ രൂക്ഷമായ വിമർശനം ഉന്നയിച്ചു. 19, 20 വയസ്സുള്ള ചെറുപ്പക്കാരെ പ്രായമേറിയ വലിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ കുറ്റവാളികൾക്കൊപ്പമാണ് പാർപ്പിക്കുന്നതെന്നും ഇത് ചെറുപ്പക്കാരെ തെറ്റുകൾ തിരിച്ചറിഞ്ഞ് പുറത്തുവരുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും സുഗതൻ ചൂണ്ടിക്കാട്ടി.

'കറപ്ഷൻ ജയിലെന്നാണ് ബോർഡ്, പക്ഷേ ഇതുവരെ ഒരാളെയെങ്കിലും തിരുത്തി പുറത്തിറക്കിയിട്ടുണ്ടോ? തെറ്റുപറ്റിപ്പോയവർക്ക് നന്നാവാൻ ഒരു അവസരമെങ്കിലും കൊടുക്കേണ്ടതുണ്ട്.' സുഗതൻ പറഞ്ഞു. മാത്രമല്ല ജയിലിനുള്ളിൽ വലിയ തോതിൽ ലഹരിമരുന്ന് ഉപയോഗവും കച്ചവടവും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'പുറത്ത് ഓപ്പറേഷൻ തകൃതിയായി നടക്കുമ്പോൾ ജയിലിനുള്ളിലാണ് ഏറ്റവും കൂടുതൽ ലഹരി കച്ചവടവും ഉപഭോഗവും നടക്കുന്നത്.' അദ്ദേഹം ആരോപിച്ചു. 

Content Highlights: BJP councilor R. Sugathan claims his imprisonment under KAAPA was politically motivated, asserting it was a tactic to suppress his public activism and development efforts. Sugathan alleges that political maneuvers by the ruling party aimed to remove him from his position and weaken public protests, thanking supporters and legal representatives for their backing.