വധശ്രമക്കേസിൽ BJP കൗൺസിലർ പിടിയിൽ; പോലീസിനെ വളഞ്ഞ് അനുയായികൾ, ആകാശത്തേക്ക് വെടിവച്ച് SHO

തിരുവനന്തപുരം: വധശ്രമക്കേസിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനാണ് പിടിയിലായത്. അറസ്റ്റിനിടെ വട്ടിയൂർക്കാവിൽ വൻ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അനുയായികൾ പോലീസിനെ വളയുകയായിരുന്നു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് പ്രതിയുമായി പുറത്തുകടക്കാൻ കഴിയാത്തവിധം വലിയ രീതിയിലുള്ള പ്രതിരോധമാണ് അനുയായികളുടെ ഭാഗത്തുനിന്നുണ്ടായത്. ഒടുവിൽ സ്ഥിതിഗതികൾ ശാന്തമാക്കാനും ജനക്കൂട്ടത്തെ പിരിച്ചുവിടാനുമായി എസ്.എച്ച്.ഒയ്ക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടിവന്നു.
ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലാണ് സുഗതനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സുഗതൻ നേരത്തെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. ജൂൺ ഏഴിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സുഗതൻ സ്റ്റേഷനിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ തനിക്ക് ചിക്കൻപോക്‌സായതിനാലാണ് സ്്‌റ്റേഷനിൽ ഹാജരാവാതിരുന്നതെന്നും അറസ്റ്റിനെത്തിയ പോലീസ് ഭാര്യയേയും മകളെയും മർദിച്ചെന്നും സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സുഗതന്റെ പ്രതികരണം
Content Highlights: BJP Councilor Sugathan arrested in Thiruvananthapuram over an attempted murder case