'നിങ്ങളെല്ലാവരുംകൂടി കൊലയ്ക്ക് കൊടുത്തില്ലേ',BJP കൗൺസിലറുടെ ഭാര്യ രാജീവ്ചന്ദ്രശേഖറിനോട് ചോദിച്ചു-CPM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ തിരുമല വാർഡ് കൗൺസിലറും ബിജെപിയുടെ പ്രമുഖ നേതാവുമായ കെ. അനിൽകുമാറിന്റെ ആത്മഹത്യയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സിപിഎം. അനിൽകുമാറിന്റെ ആത്മഹത്യയെ തുടർന്ന് ബിജെപി നടത്തുന്ന പ്രചാരണങ്ങൾ രക്ഷപ്പെടാനുള്ള പരവേശത്തിന്റെ ഭാഗമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഫാം ടൂർ സഹകരണ സംഘത്തിലെ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ബിജെപി പ്രവർത്തകരെയും നേതാക്കളെയും താൻ സഹായിച്ചുവെന്നും എന്നാൽ അവർ പണം കൃത്യമായി തിരിച്ചടയ്ക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിൽ അനിൽകുമാർ വ്യക്തമാക്കുന്നുണ്ട്. ഒടുവിൽ എല്ലാ ബാധ്യതകളും തന്റെ തലയിൽ കെട്ടിവെച്ചപ്പോൾ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും കുറിപ്പിൽ പറയുന്നു. മരണാനന്തരച്ചെലവുകൾക്കായി 10,000 രൂപയും അദ്ദേഹം കുറിപ്പിനൊപ്പം കരുതിവെച്ചിരുന്നു. ഇത് ബിജെപിക്കാരുടെ പണം തൻ്റെ സംസ്കാരത്തിന് വേണ്ട എന്ന സന്ദേശം നൽകാനാണെന്നും വി. ജോയ് എംഎൽഎ ആരോപിച്ചു.
അനിൽകുമാറിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാക്കൾ സമനില തെറ്റിയത് പോലെയാണ് പെരുമാറിയതെന്നും എംഎൽഎ വിമർശിച്ചു. മരണവീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവരോട്, "നിങ്ങളെല്ലാവരും കൂടി കൊലയ്ക്ക് കൊടുത്തില്ലേ" എന്ന് അനിൽകുമാറിന്റെ ഭാര്യ പൊതുമധ്യത്തിൽ ചോദിച്ചത് ബിജെപി നേതാക്കളെ വെട്ടിലാക്കി. ഈ ചോദ്യത്തിന് മുന്നിൽ പകച്ചുനിന്ന നേതാക്കൾ മാധ്യമപ്രവർത്തകരുടെ നേരെ തിരിയുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട ഫാം ടൂർ സഹകരണ സംഘത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന വാദം പച്ചക്കള്ളമാണെന്നും വി. ജോയ് എംഎൽഎ പറഞ്ഞു. പാർട്ടിക്ക് ബന്ധമില്ലാത്ത ഒരു ബാങ്കിൽ നിന്ന് എങ്ങനെയാണ് കോടിക്കണക്കിന് രൂപ ബിജെപി നേതൃത്വം അടിച്ചുമാറ്റാൻ ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. സംഘത്തിൽ നിന്ന് വലിയ തുകകൾ വായ്പയെടുത്ത ബിജെപി നേതാക്കൾ അവ തിരിച്ചടയ്ക്കാതെ വഞ്ചിച്ചതാണ് അനിൽകുമാറിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിൽ ബിജെപി നേതൃത്വം നൽകുന്ന മറ്റ് സഹകരണ സംഘങ്ങളിലും വലിയ അഴിമതി നടക്കുന്നുണ്ടെന്നും സിപിഎം ആരോപിക്കുന്നു. വെങ്ങാനൂർ കോ-ഓപ്പറേറ്റീവ് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയിൽ നടന്ന ഒരുകോടി 33 ലക്ഷം രൂപയുടെ തട്ടിപ്പിൽ ബിജെപി നേതാക്കളായ വൈസ് പ്രസിഡന്റും വെങ്ങാനൂർ സതീശും പ്രതികളാണെന്നത് ഇതിന് തെളിവാണെന്നും എംഎൽഎ പറഞ്ഞു.
അനിൽകുമാറിനും കുടുംബത്തിനും നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഫാം ടൂർ സഹകരണ സംഘത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തിൽ പ്രാദേശിക കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വി. ജോയ് എംഎൽഎ അറിയിച്ചു
Content Highlights: CPM demands full investigation into BJP councillor K. Anilkumar`s suicide