ക്രിസ്ത്യൻ ഔട്ട്‌റീച്ചിൽ ബിജെപിക്ക് ലൈൻ മാറ്റം; അരമനകളിലല്ല, സാധാരണക്കാരിലെത്തണം

തിരുവനന്തപുരം: ക്രൈസ്തവവോട്ടുകൾ പെട്ടിയിലാക്കാനുള്ള ‘ക്രിസ്ത്യൻ ഔട്ട് റീച്ച്’ പാളിയതോടെ, നയംമാറ്റത്തിന് ബിജെപി. ക്രൈസ്തവരെ ഒപ്പംനിർത്തണമെന്നതിൽ രണ്ടഭിപ്രായമില്ലെങ്കിലും ഇപ്പോഴത്തെ സമീപനംകൊണ്ട് പ്രയോജനമില്ലെന്നാണ് വിലയിരുത്തൽ. അരമനകൾ കയറിയിറങ്ങി സഭാനേതാക്കളെ കണ്ടതുകൊണ്ടുമാത്രം കാര്യമില്ല. ക്രൈസ്തവരിലെ സാധാരണക്കാരുമായി ചങ്ങാത്തവും വ്യക്തിബന്ധവും സ്ഥാപിക്കണമെന്നാണ് ബിജെപിയുടെ തീരുമാനം.
തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് ക്രൈസ്തവമേഖലയിൽ കിട്ടിയില്ലെന്നതും ആർഎസ്എസിനെയടക്കം സഭാനേതാക്കൾ നിരന്തരം വിമർശിക്കുന്നതുമൊക്കെ കണക്കിലെടുത്താണ് നയംമാറ്റം. തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ചവിജയമുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
വാർഡുതലംമുതൽ വോട്ടിന്റെ കണക്കും റിപ്പോർട്ടും പരിശോധിക്കുന്ന ബിജെപി സമുദായാടിസ്ഥാനത്തിൽ കിട്ടിയ വോട്ടുവിഹിതവും പഠിക്കുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങളിലെ സാധാരണക്കാരുമായി പ്രാദേശികബന്ധമുണ്ടായിരുന്നവർക്ക് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട്.
വടക്കേയിന്ത്യയിൽ ക്രൈസ്തവർക്കുനേരേയുള്ള അക്രമങ്ങളുടെപേരിൽ സഭാനേതാക്കളുടെ വിമർശനം ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്.ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് മലയാളികളായ രണ്ടുകന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ മോചനത്തിനു മുൻകൈയെടുത്ത ബിജെപി കേരളനേതൃത്വത്തിനെതിരേ സംഘപരിവാർ സംഘടനകൾ തിരിഞ്ഞിരുന്നു.
Content Highlights: BJP revises its Christian outreach, aiming to connect directly with common people instead of solely engaging church leaders. Learn about the new strategy.