വന്യജീവി ആക്രമണം; ഇവിടെ ഒരു സര്‍ക്കാരുണ്ടോയെന്ന് ബിഷപ്പുമാര്‍, വനംമന്ത്രി രാജിവെക്കണമെന്ന് ആവശ്യം

കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനംവകുപ്പും നോക്കുകുത്തികളായി നില്‍കുകയാണെന്ന ആരോപണവുമായി താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാര്‍. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കന്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരുടെ വിമര്‍ശനം.
കര്‍ഷകരായതുകൊണ്ട് കാര്‍ഷിക മേഖലയിലുള്ള ആളുകള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേയെന്നാണ് താമരശ്ശേരി ബിഷപ്പ് ചോദിച്ചത്. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നാണ് ചോദിക്കാനുള്ളത്. ഇത്തരത്തില്‍ നടക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും താമരശേരി അതിരൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചോദിച്ചു.
വന്യ ജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന ഈ സാഹചര്യത്തില്‍ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ വനംമന്ത്രി തയ്യാറാവണം. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ സംഭവങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ തയാറാകണമെന്നാണ് നമ്മളുടെയും ഇന്‍ഫാമിന്റെയും ആവശ്യമെന്നും ബിഷപ്പ് പറഞ്ഞു.
ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോയെന്ന് അറിയുകയാണ് നമ്മുടെ ആവശ്യം. വരും ദിവസങ്ങളില്‍ ഇക്കാര്യം ഉയര്‍ത്തിപിടിച്ച് വന്‍ പ്രക്ഷോഭ പരിപാടികളുമായി നമ്മള്‍ മുന്നോട്ട് പോകുമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. വന്യജീവി ആക്രമണങ്ങളില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനംമന്ത്രിയും എവിടെ പോയെന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍ ചോദിച്ചു.
Content Highlights: Bishops in Kerala criticize the government and forest department on rising wildlife attack