ബിഷപ്പിന്റെ വാക്കുകൾ കാപട്യം നിറഞ്ഞത്, സിനഡ് തീരുമാനത്തിനെതിരേ പ്രതിഷേധിക്കും- അൽമായ മുന്നേറ്റം

#അമൃത എ.യു.
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: എല്ലാവരേയും കേൾക്കുമെന്നും കുർബാന തർക്കത്തിൽ സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും പറഞ്ഞ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ വാക്കുകൾ കാപട്യം നിറഞ്ഞതെന്ന് അൽമായ മുന്നേറ്റം. സിറോ മലബാർസഭയിൽ ഏകീകൃത കുർബാന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് സിനഡ് വൈദികർക്ക് സർക്കുലർ അയച്ചതിന് പിന്നാലെയാണ് എറണാകുളം അതിരൂപത അൽമായ മുന്നേറ്റത്തിന്റെ പ്രതികരണം. 

പുതിയ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനോട് ജനാഭിമുഖ കുർബാന ആവശ്യപ്പെടുന്ന വിശ്വാസി സമൂഹത്തിന്റെ നിലപാട് അറിയിച്ചിരുന്നതാണ്. അദ്ദേഹം ഞങ്ങളോട് പറഞ്ഞതും പൊതുവായി സംസാരിച്ചതും എല്ലാവരേയും കേൾക്കുമെന്നും കുർബാന തർക്കത്തിൽ സാധ്യമായ പരിഹാരം കണ്ടെത്തുമെന്നുമാണ്. സിന‍ഡ് കഴിഞ്ഞയുടൻ തന്നെ ബിഷപ്പ് ഹൗസിൽ സ്വീകരണവും നൽകിയിരുന്നു. അന്നും അദ്ദേഹം പറഞ്ഞത് നിങ്ങളെ മുഴുവൻ കേട്ടതിന് ശേഷം സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും അതിനാണ് തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നുമാണ്. എന്നാൽ അദ്ദേഹം കാപട്യം നിറഞ്ഞ വാക്കുകളാണ് പറഞ്ഞതെന്നാണ് ഇപ്പോൾ മനസിലാകുന്നത്. 13ാം തീയതി സിനഡ് തീരുമാനിച്ച് ഇത്തരത്തിലൊരു സർക്കുലർ പുറത്ത് വരാനിരിക്കെ ഇങ്ങനെയൊരു പ്രസം​ഗം നടത്തേണ്ടിയിരുന്നില്ലെന്നും അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. 

വിശ്വാസികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. സിനഡിന്റെ ഏകീക‍ൃത കുർബാനയെ ഒരു രീതിയിലും അം​ഗീകരിക്കാൻ തയാറല്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കുന്നു. 

സിറോ മലബാർ സഭ സിനഡിന്റെ അവസാന ദിനമായ ജനുവരി 13-ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ സമ്മേളിച്ച സിനഡിൽ പങ്കെടുത്ത എല്ലാ മെത്രാന്മാരും ഒപ്പിട്ടാണ് ഏകീക‍ൃത കുർബാന നടത്തണെന്ന സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. 2023 ഡിസംബർ 25 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സഭയുടെ ഏകീകൃത രീതിയിലുള്ള കുർബാന അർപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കത്ത് മുഖേനേയും വീഡിയോ സന്ദേശത്തിലൂടെ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. സഭയിൽ നിലവിലുള്ള അഭിപ്രായ ഭിന്നതകൾ മറന്നുകൊണ്ട് മാർപ്പാപ്പയുടെ ആഹ്വാനം നടപ്പിലാക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.  

സിനഡിന്റെ അഭ്യർത്ഥനയും സർക്കുലറും വരുന്ന ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാന മദ്ധ്യേ വായിക്കേണ്ടതാണെന്നും അതിരൂപതയിലെ എല്ലാ വിശ്വാസികൾക്കും ലഭ്യമാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സിനഡിൽ പങ്കെടുത്ത മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലടക്കം 49 മെത്രാന്മാർ ഒപ്പുവെച്ച സർക്കുലറാണ് ഇപ്പോൾ വൈദികർക്ക് അയച്ചിരിക്കുന്നത്.

Content Highlights: bishop's words are full of hypocrisy almaya munnettam will protest against synod decision