പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ല, LDF സംസ്കാരത്തിന് നിരക്കാത്തത്- ബിനോയ് വിശ്വം

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ, ബിനോയ് വിശ്വം | Photo: മാതൃഭൂമി, PTI
പിണറായി വിജയൻ, ബിനോയ് വിശ്വം | Photo: മാതൃഭൂമി, PTI

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വഹിക്കുന്ന പദവിക്ക് നിരക്കുന്ന പരാമർശമായിരുന്നില്ല അതെന്നും തർക്കവിഷയങ്ങൾ തീർക്കേണ്ടത് ഉഭയകക്ഷി ചർച്ചയിൽ കൂടിയാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

'വിഷയത്തിൽ ഇപ്രകാരമൊരു രീതിയിൽ പിണറായി വിജയൻ പറയുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അഥവാ, അങ്ങനെ പറഞ്ഞുവെങ്കിൽ അദ്ദേഹം വഹിക്കുന്ന പദവിക്ക്, അദ്ദേഹത്തിന്റെ രാഷട്രീയ പക്വതയ്ക്ക് നിരക്കുന്ന ഒരു പ്രസ്താവന അല്ല അതെന്ന് പറയാൻ നിർബന്ധിതനാകും. എല്ലാ വിനയത്തോടെയും ഞാൻ പറയുന്നു, ഇങ്ങനെ ഒരു വിഷയത്തിൽ എൽഡിഎഫിന്റെ പൊതുരാഷ്ട്രീയ രീതിയുണ്ട്, തർക്കവിഷയങ്ങൾ തീർക്കേണ്ടത് ഉഭയകകക്ഷി സംഭാഷണംവഴിയാണ് എന്ന സമീപനമുണ്ട്. ചർച്ചയ്ക്ക് വിധേയമായി രണ്ടുപാർട്ടികളും മാറ്റിവെച്ച വിഷയത്തിൽ ഏകപക്ഷീയമായി അദ്ദേഹം അങ്ങനെ പറഞ്ഞുവെങ്കിൽ അത് എൽഡിഎഫിന്റെ സംസ്കാരത്തിന് നിരക്കുന്ന പ്രസ്താവനയല്ല’, ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃപദവി എൽഡിഎഫിൽ തർക്കവിഷയമാണെന്നും സിപിഎം-സിപിഐ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഉപനേതാവ് ആരെന്നത് സംബന്ധിച്ച് സ്പീക്കർക്ക് കത്തുനൽകേണ്ടത് താനാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. 'കത്ത് കൊടുത്താൽ ഉപനേതാവ് വരും. കത്തിലെ പേര് സിപിഎം നേതാവിന്റെ പേരായിരിക്കും' എന്നായിരുന്നു പിണറായി വിജയൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടി.

Content Highlights: CPI State Secretary Binoy Viswam criticized Pinarayi Vijayan's remarks regarding the opposition deputy leader position., Viswam stated that such remarks do not suit Vijayan's political maturity and LDF culture., Disputes within the LDF should be resolved through bilateral talks rather than unilateral statements., Pinarayi Vijayan earlier claimed that the letter submitting the deputy leader's name would contain a CPM leader's name.