പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ല, കോൺഗ്രസ് എത്ര ‘പുകഞ്ഞ കൊള്ളി’കളെ പുറത്താക്കും?- ബിനോയ് വിശ്വം

കോട്ടയം: പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആൺ-പെൺ ബന്ധങ്ങളിലെ ആ പാവനമായ മൂല്യങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും സ്വന്തം വീക്ഷണത്തിന്റെ ഭാഗമായി ഉയർത്തിപ്പിടിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
"കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീകളെ മാനിക്കുന്ന പാർട്ടിയാണ്. മനുഷ്യബന്ധങ്ങളിൽ പാവനമായ തലമുണ്ട്. ആൺപെൺ ബന്ധങ്ങളിലെ ആ പാവനമായ മൂല്യങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും സ്വന്തം വീക്ഷണത്തിന്റെ ഭാഗമായി ഉയർത്തിപ്പിടിക്കുന്നു. പ്രണയം സ്വാഭാവിക സംസ്കാരത്തിന്റെ ഭാഗമാണ്. പ്രണയത്തിനകത്ത് പരിശുദ്ധിയുണ്ട്. ആ പരിശുദ്ധി കോൺഗ്രസിനറിയില്ല.
കെ. മരുളീധരൻ പറഞ്ഞത് പുകഞ്ഞകൊള്ളി പുറത്താണ് എന്നാണ്. പുകഞ്ഞകൊള്ളിയെ സ്നേഹിക്കുന്നവരെയും പുറത്താക്കണമെന്ന് പിന്നെ പറഞ്ഞു. അങ്ങനെയെങ്കിൽ എത്രപേരെ കോൺഗ്രസിൽ നിന്ന് പുറത്താക്കും? മാഫിയ വാഴ്ചക്കാരെ, അതിന് ചൂട്ടുപിടിച്ചവരെ, പണം കൊടുത്തവരെ, ധൈര്യകൊടുത്തവരെ എല്ലാം പുറത്താക്കുമോ? അവരെ എല്ലാം പുറത്താക്കിയാലേ മുരളീധരന്റെ വാക്കിന് വിലയുണ്ടാകൂ", അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിന്‍റെ പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.
കേരളത്തിൽ എൽഡിഎഫിനനുകൂലമായ കാറ്റ് ആഞ്ഞു വീശുന്നുണ്ട്. 2020-നേക്കാൾ ഉജ്വല വിജയം നേടാനാകുമെന്ന് പോളിങ് ബൂത്തിലേക്ക് കേരളം പോകുന്ന ഈ സാഹചര്യത്തിൽ ഉറപ്പോടെ പറയാൻ സാധിക്കും. എൽഡിഎഫിന് മുമ്പിൽ കോൺഗ്രസ്-ബിജെപി കോട്ടകൾ തകർന്നുവീഴുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Binoy Viswam on Love and Politics: CPI's Stance on Purity in Relationships