'ബീഫ് ഇഷ്ടമാണ് പക്ഷേ, കൂടെ പൊറോട്ട വേണ്ട, കപ്പ ആകാം'; എന്‍.കെ പ്രേമചന്ദ്രന് ബിന്ദു അമ്മിണിയുടെ മറുപടി

ബിന്ദു അമ്മിണി, എൻ.കെ പ്രേമചന്ദ്രൻ | Photo: mathrubhumi archives
ബിന്ദു അമ്മിണി, എൻ.കെ പ്രേമചന്ദ്രൻ | Photo: mathrubhumi archives

കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്ക് മറുപടിയുമായി ബിന്ദു അമ്മിണി. പൊറോട്ടയും ബീഫും നല്‍കി രഹന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും ശബരിമലയിലെത്തിച്ച സര്‍ക്കാരാണ് അയ്യപ്പസംഗമം നടത്തിയതെന്നായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ വിവാദ പരാമര്‍ശം. കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു പ്രേമചന്ദ്രന്‍ വാക്കുകള്‍.

ഇതിനെതിരേ ഫേസ്ബുക്കിലെഴുതിയ ലഘു കുറിപ്പിലാണ് ബിന്ദു അമ്മിണി മറുപടി നല്‍കിയിരിക്കുന്നത്. 'ബീഫ് എനിക്ക് ഇഷ്ടമാണ് പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്', എന്ന് അവര്‍ കുറിച്ചു.

പൊറോട്ടയും ബീഫും നല്‍കി രഹന ഫാത്തിമയേയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ച പിണറായി സര്‍ക്കാര്‍ വിശ്വാസത്തെ വികലമാക്കിയെന്നും അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പും സര്‍ക്കാരുമാണ് പമ്പയില്‍ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നുമുള്ള പ്രേമചന്ദ്രന്റെ പരാമര്‍ശത്തിനെതിരേ വിമര്‍ശനം ശക്തമാണ്.

Content Highlights: Bindu Ammini replies to MP NK Premachandran`s controversial statement regarding Sabarimala entry and beef/porotta. She clarifies her food preferences and criticizes his remarks.