ബിഹാറിൽ നാടകീയം, ജെഡിയു നേതാക്കൾ ആർജെഡിയിൽ; മഹാസഖ്യത്തിന് ഉണർവ്; തർക്കമൊഴിയാതെ എൻഡിഎ

തേജസ്വി യാദവ് രാഹുൽ ഗാന്ധിക്കൊപ്പം | Image credit: @IndianNationalCongress youtube video
തേജസ്വി യാദവ് രാഹുൽ ഗാന്ധിക്കൊപ്പം | Image credit: @IndianNationalCongress youtube video

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക തർക്കങ്ങൾക്കിടെ 13-ന്‌ പ്രഖ്യാപിച്ചേക്കും. അതിനിടെ, നവംബർ ആറിന് നടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച നിലവിൽവന്നു. 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. എൻഡിഎയിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി ലോക്ജൻശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാനും എച്ച്എഎം നേതാവ് ജിതൻ റാം മാഞ്ചിയും ആർഎൽഎം നേതാവ് ഉപേന്ദ്ര കുശ് വാഹയും കടുത്ത സമ്മർദം തുടരുകയാണ്.

40 സീറ്റുകൾ ആവശ്യപ്പെട്ട പസ്വാന് 25-ൽ താഴെ സീറ്റുകൾ മാത്രമാണ് അന്തിമവട്ട ചർച്ചയിൽ ബിജെപിയുടെ വാഗ്ദാനം. 12-ന് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഡൽഹിയിൽ ചേരുന്നുണ്ട്. പാർട്ടി തിരഞ്ഞെടുപ്പ്‌ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വെള്ളിയാഴ്ച പട്‌നയിലെത്തി ഇടഞ്ഞുനിൽക്കുന്ന നേതാക്കളുമായി ചർച്ചനടത്തി. പസ്വാന്റെ പാർട്ടിക്ക് രാജ്യസഭാസീറ്റ് വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. എന്നാൽ, ബിജെപി നേതാക്കൾ ഇത് നിഷേധിച്ചു.

അന്തിമപട്ടിക; പരാതികളില്ലെന്ന് കമ്മിഷൻ

: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്തിമ വോട്ടർപട്ടികയ്ക്ക് മേൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബൂത്തിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നിർബന്ധമില്ല. ആധാറും തൊഴിലുറപ്പ് പദ്ധതിക്കാർഡും ബാങ്ക് പാസ് ബുക്കും ഉൾപ്പെടെ പന്ത്രണ്ട് രേഖകൾ ഉപയോഗിക്കാമെന്നും കമ്മിഷൻ അറിയിച്ചു.

സിറ്റിങ് എംഎൽഎമാരെ വീണ്ടും ഇറക്കാൻ സിപിഎം

: എംഎൽഎമാരായ അജയ് കുമാറും സത്യേന്ദ്ര യാദവും ബിഭൂതിപുരിലും മാഞ്ചിയിലും മഹാഗഡ്ബന്ധൻ സ്ഥാനാർഥികളായി വീണ്ടും മത്സരിക്കുമെന്ന് സിപിഎം. സഖ്യത്തിലെ സീറ്റ് വിഭജനത്തിൽ തീരുമാനമായശേഷം മറ്റ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം മനോജ് ചന്ദ്രവംശി പറഞ്ഞു.

മൂന്ന് ജെഡിയു നേതാക്കൾ ആർജെഡിയിൽ

: ബിഹാറിൽ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം ഏറക്കുറെ പൂർത്തിയായെന്നും പ്രഖ്യാപനം ഉടനുണ്ടാവുമെന്നും നേതാക്കൾ. അതിനിടെ, മഹാസഖ്യത്തിന് ഉണർവേകി ജെഡിയു മുൻ സാമാജികരായ സന്തോഷ് കുശ്‌വാഹ, രാഹുൽ ശർമ, ജെഡിയു ബങ്ക എംപി ഗിരിധരി പ്രസാദ് യാദവിന്റെ മകൻ ചാണക്യ പ്രസാദ്, ലോക് ജൻശക്തി പാർട്ടി നേതാവ് അജയ് കുശ്‌വാഹ എന്നിവർ ആർജെഡിയിൽ ചേർന്നു.

ഇത് പാർട്ടിയെയും മഹാസഖ്യത്തെയും ശക്തിപ്പെടുത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ഝാർഖണ്ഡ് മുക്തിമോർച്ചയും (ജെഎംഎം) മഹാസഖ്യവുമായി ചേർന്ന് മത്സരിക്കും.

Content Highlights: Bihar Elections: NDA Candidate List Stalemate Amidst Alliance Tensions