നീണ്ട തുമ്പി, നിലംമുട്ടുന്നപോലെ കൊമ്പുകൾ; ലോകത്തെ വിസ്മയിപ്പിച്ച ആഫ്രിക്കൻ കൊമ്പന് കേരളത്തിൽ സ്മാരകം

കൊച്ചി: നീണ്ട തുമ്പിക്കൈക്കൊപ്പം നിലംമുട്ടുമെന്ന് തോന്നുന്ന കൊമ്പുകൾ...ആകാരമാകെ ചുളിവുകളുടെ അനേകായിരം ചിത്രപ്പണികൾ...വലതുകാൽ മുന്നോട്ടുവെയ്ക്കാനൊരുങ്ങി അവനങ്ങനെ നിൽക്കുന്നു...ഒരു ആഫ്രിക്കൻ കൊമ്പൻ, അതും കേരളത്തിന്റെ മണ്ണിൽ. എറണാകുളം നോർത്ത് പറവൂർ പറയകാടാണ് ഈ അപൂർവ കാഴ്ച. ലോകത്തെ ഏറ്റവും വലിയ കൊമ്പനായിരുന്ന 'ബിഗ് ടിം' ആണിത്. ആഫ്രിക്കൻ കൊമ്പന് മലയാളമണ്ണിൽ സ്മാരകം!
കെനിയയിലെ അംബോസലി നാഷണൽ പാർക്കിൽ ജീവിച്ചിരുന്ന സൂപ്പർ ടസ്‌ക്കർ ആണ് ടിം. ആകാരവലുപ്പവും കൊമ്പിന്റെ നീളവും അവനെ ആരാധകരുടെ 'ബിഗ് ടിം' ആക്കി മാറ്റി. ആറര ടണ്ണോളം ഭാരം, പതിനൊന്നടിയോളം ഉയരം, ഒരു കൊമ്പിനുതന്നെ അൻപത് കിലോ.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അവനെ കാണാൻ ആനപ്രേമികൾ അംബോസലിയിലേക്കൊഴുകി. അംബോസലിയുടെയും കെനിയയുടെയും ഗാംഭീര്യമായിരുന്ന ടിം 2020-ൽ അൻപതാം വയസ്സിൽ ചരിഞ്ഞു. കെനിയൻ സർക്കാർ ടിമ്മിന്റെ മൃതശരീരം നെയ്റോബിയിലെ നാഷണൽ മ്യൂസിയത്തിലേക്ക് മാറ്റി. അവിടെ തൊലിക്കുള്ളിൽ പഞ്ഞിയും മറ്റും നിറച്ച് അവന്റെ തന്നെ കൊമ്പുകളും ചേർത്ത് വെച്ച് ടിമ്മിനെ പുനഃസൃഷ്ടിച്ചു.
സൂരജ് നമ്പ്യാട്ടിന്റെ നേതൃത്വത്തിലുള്ള 'ആനമേക്കർ' ടീമാണ് ടിമ്മിനെ അതേവലുപ്പത്തിൽ പുനഃസൃഷ്ടിച്ചത്. 'ഒന്നരവർഷം മുൻപാണ് കെനിയയിലെ കാടുകളിലൂടെ നടന്നുപോകുന്ന ടിമ്മിന്റെ വീഡിയോ കണ്ടത്. അന്നു മുതലാണ് ടിമ്മിന്റെ രൂപം പകർത്തണമെന്ന തോന്നലുണ്ടായത്'... സൂരജ് പറയുന്നു. തൃപ്പൂണിത്തുറ ആർ.എൽ.വി. ഫൈൻ ആർട്സ് കോളേജിൽനിന്ന് ശിൽപനിർമാണം പഠിച്ചിറങ്ങിയതാണ് സൂരജ്. പല പല ശിൽപങ്ങളുണ്ടാക്കിയെങ്കിലും ഒടുവിൽ ആനയിൽവന്ന് നിന്നു. അങ്ങനെ ആനമേക്കർ എന്ന പേരിൽ കേരളത്തിലെ പ്രശസ്തമായ ആനകളുടെ ചെറുരൂപങ്ങൾ മുതൽ ആന വലുപ്പത്തിലുള്ള രൂപങ്ങൾ വരെ മരത്തിലും ഫൈബറിലും നിർമിച്ചുതുടങ്ങി.
'ആറുമാസം കൊണ്ടാണ് ടിമ്മിനെ സൃഷ്ടിച്ചെടുത്തത്. കോൺക്രീറ്റ് ഫൗണ്ടേഷനിൽ ആർമേച്ചർ ചെയ്ത് സിമന്റിലാണ് പണിതീർത്തത്...' സൂരജ് പറഞ്ഞു. ആഫ്രിക്കൻ സാവന്ന കാടുകൾക്ക് തുല്യമായ കുറ്റിച്ചെടികളും ചെളിവെള്ളം നിറഞ്ഞപോലെ തോന്നിക്കുന്ന ചെറുകുളവും ടിമ്മിന്റെ രൂപത്തിനുചുറ്റും തീർത്തു. തൊട്ടടുത്ത് മൂന്നാറിനെ വിറപ്പിക്കുന്ന പടയപ്പയെന്ന ആനയെയും സൃഷ്ടിച്ചിട്ടുണ്ട്.
Content Highlights: See the life-size replica of `Big Tim`, the world`s largest African elephant, recreated in Kerala. A stunning tribute to the magnificent tusker from Kenya.