പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എൽഡിഎഫ് ബൂത്ത് ഏജന്റ്; ആരോപണം തള്ളി കോൺഗ്രസ്

കോഴിക്കോട്: ബേപ്പൂരിൽ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. കോണ്ഡഗ്രസ് ബേപ്പൂർ മണ്ഡലം പ്രസിഡന്റ് രാജീവ് തിരുവച്ചിറയും മറ്റൊരാളുമെത്തി 2000 രൂപ നൽകിയെന്ന് ആരോപിച്ച് എൽഡിഎഫിന്റെ ബേപ്പൂർ ബൂത്ത് ഏജന്റ് സ്വാമിനാഥൻ മാറാട് പോലീസിൽ പരാതി നൽകി. മാറാട് വാട്ടർ ടാങ്കിന് സമീപം കട നടത്തുന്ന സ്വാമിനാഥന്റെ അടുത്തേക്ക് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറയും മറ്റൊരാളും എത്തിയതായാണ് പരാതി.
മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്ന സ്വാമിനാഥനോട് പാർട്ടിയിലേക്ക് തിരികെ വരണമെന്നും അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ദിവസം ബൂത്ത് ഏജന്റായി ഇരിക്കരുത് എന്നും അവർ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം നിരസിച്ചതോടെ 500 രൂപയുടെ നാല് നോട്ടുകൾ കടയിലേക്ക് എറിഞ്ഞ ശേഷം അവർ വണ്ടിയിൽ കടന്നുകളഞ്ഞുവെന്നാണ് സ്വാമിനാഥൻ ആരോപിക്കുന്നത്.
സ്വാമിനാഥനെ കൂടാതെ മറ്റ് രണ്ടുപേർ കൂടി സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. മാറാട് സ്വദേശിയായ ശ്രീനിവാസന്റെ വീട്ടിലെത്തിയും കോൺഗ്രസ് നേതാക്കൾ പണം നൽകാൻ ശ്രമിച്ചതായി ആരോപണമുണ്ട്. യുഡിഎഫ് പ്രവർത്തനങ്ങൾക്കായി ബാഡ്ജ് കുത്തി ഇറങ്ങിയാൽ ദിവസം 1000 രൂപ വീതം നൽകാമെന്ന് അബ്ദുള്ള കോയ എന്ന വ്യക്തിയോട് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജീവ് തിരുവച്ചിറയോടൊപ്പം നിലമ്പൂർ സ്വദേശിയായ മറ്റൊരാളും ഉണ്ടായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. വോട്ട് അഭ്യർത്ഥിക്കാൻ വേണ്ടി മാത്രമാണ് സ്വാമിനാഥനെ കണ്ടതെന്നും അല്ലാതെ പണം നൽകിയിട്ടില്ലെന്നും രാജീവ് തിരുവച്ചിറ പറഞ്ഞു. സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത്തരമൊരു വ്യാജമായ ആരോപണം സ്വാമിനാഥൻ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന് ജനങ്ങൾക്കിടയിലുള്ള വലിയ പിന്തുണ കണ്ട് എൽഡിഎഫ് വിളറിപിടിച്ചിരിക്കുകയാണെന്ന് രാജീവ് തിരുവച്ചിറ പരിഹസിച്ചു. ജനങ്ങൾക്കിടയിൽ തെറ്റായ പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നാടകങ്ങളെന്നും 2000 രൂപ നൽകിയാൽ വോട്ട് ലഭിക്കുമെന്ന് വിശ്വസിക്കാൻ തക്ക മണ്ടന്മാരല്ല തങ്ങളെന്നും അദ്ദേഹം കൂട്ടിചേർത്തു. ഈ ആരോപണങ്ങൾ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
സംഭവത്തിൽ മാറാട് പോലീസ് പരാതി സ്വീകരിക്കുകയും സ്വാമിനാഥന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന ബേപ്പൂരിൽ ഈ കോഴ ആരോപണം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. പോലീസിന്റെ അന്വേഷണത്തിന് ശേഷമേ ഈ ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്തുവരികയുള്ളൂ.
Content Highlights: LDF booth agents in Beypore allege bribery by Congress leaders during the 2026 election campaign.