ബേപ്പൂരിലെ ഇടതുകോട്ടകളിൽ അൻവറിന്റെ കടന്നുകയറ്റം; പക്ഷേ, യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടുചോർന്നു

രാമനാട്ടുകര: ചുവപ്പുകോട്ടയായ ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ് ലീഡ് നിലനിർത്തിയെങ്കിലും യു.ഡി.എഫ്. സ്ഥാനാർഥി അൻവറിനെ ഞെട്ടിക്കുന്നത് സ്വാധീനമേഖലകളിലെ വോട്ടുചോർച്ചയാണ്. ഇടതുപക്ഷത്തിന് മൃഗീയഭൂരിപക്ഷം നൽകിയിരുന്ന ബേപ്പൂർ, ചെറുവണ്ണൂർ മേഖലകളിൽ വിള്ളലുണ്ടാക്കാൻ യു.ഡി.എഫ്. സ്ഥാനാർഥി പി.വി. അൻവറിന് സാധിച്ചെങ്കിലും, ജയമുറപ്പിക്കാൻ സഹായിക്കേണ്ടിയിരുന്ന രാമനാട്ടുകരയിലും ഫറോക്കിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാഞ്ഞത് തിരിച്ചടിയായി.
ഇടതുകോട്ടകളിൽ അൻവറിന്റെ കടന്നുകയറ്റം
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ മുഹമ്മദ് റിയാസിന് വലിയഭൂരിപക്ഷം സമ്മാനിച്ച ബേപ്പൂർ, ചെറുവണ്ണൂർ മേഖലകളിൽ ഇത്തവണ ലീഡ് കുത്തനെ ഇടിഞ്ഞു. ബേപ്പൂർ മേഖലയിലെ 58 ബൂത്തുകളിൽനിന്ന് 5,890 വോട്ടിന്റെ ലീഡ് റിയാസ് നേടിയെങ്കിലും കഴിഞ്ഞതവണത്തേക്കാൾ വോട്ട് വിഹിതം കുത്തനെ വർധിപ്പിക്കാൻ അൻവറിന് സാധിച്ചു. ചെറുവണ്ണൂരിൽ (ബൂത്ത് 59-105) എൽ.ഡി.എഫ്. ലീഡ് വെറും 1,703 ആയി ചുരുങ്ങി. കടലുണ്ടി മേഖലയിൽ 14,458 വോട്ടുകൾ റിയാസ് നേടിയപ്പോൾ 12,012 വോട്ടുകൾ അൻവർ സമാഹരിച്ചു. 2,446 വോട്ടാണ് ഇവിടെ റിയാസിനുള്ള ലീഡ്. എൽ.ഡി.എഫിന്റെ ഉറച്ചകേന്ദ്രങ്ങളിൽ കടന്നുകയറി ലീഡ് വെട്ടിക്കുറക്കാൻ സാധിച്ചു എന്നത് അൻവറിന് നേട്ടമായെങ്കിലും യു.ഡി.എഫ്. മേൽക്കോയ്മയുള്ള നഗരസഭാ മേഖലകളിൽനിന്നുള്ള തിരിച്ചടി അൻവറിന്റെ വിജയപ്രതീക്ഷകളെ തകിടം മറിച്ചു.
രാമനാട്ടുകരയിലും ഫറോക്കിലും 'ഷോക്ക്'
യു.ഡി.എഫിന് വ്യക്തമായ മേധാവിത്വമുള്ള രാമനാട്ടുകര, ഫറോക്ക് നഗരസഭകളിൽ ഉണ്ടായ വോട്ടുചോർച്ചയാണ് അൻവറിന് വലിയ തിരിച്ചടിയായത്. കുറഞ്ഞത് 3,000 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്ന രാമനാട്ടുകര നഗരസഭയിൽ അൻവറിന് ലഭിച്ചത് വെറും 145 വോട്ടിന്റെ നാമമാത്രമായ ലീഡാണ്. ഇവിടെ അൻവർ 10,935 വോട്ട് നേടിയപ്പോൾ റിയാസ് 10,790 വോട്ടുകൾനേടി ഒപ്പത്തിനൊപ്പംനിന്നു. ബി.ജെ.പി. 3,834 വോട്ട് പിടിച്ചു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 12,182 വോട്ടും എൽ.ഡി.എഫിന് 10,041 വോട്ടും ഉണ്ടായിരുന്നു. അന്ന് രാമനാട്ടുകരയിൽനിന്ന് ലഭിച്ച 2,141 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ ഇല്ലാതായത്. ഫറോക്ക് നഗരസഭയിലും യു.ഡി.എഫ്. കണക്കുകൂട്ടലുകൾ പിഴച്ചു. 4,500 വോട്ടിന്റെ ലീഡ് ലക്ഷ്യമിട്ടിരുന്ന ഫറോക്കിൽ അൻവറിന് ലഭിച്ചത് 2,804 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇവിടെ അൻവർ 18,442 വോട്ടും റിയാസ് 15,638 വോട്ടും ബി.ജെ.പി 4,400 വോട്ടുമാണ് നേടിയത്. താഴെത്തട്ടിലെ ഏകോപനമില്ലായ്മയാണോ അതോ അടിയൊഴുക്കുകളാണോ ഈ തിരിച്ചടിക്ക് പിന്നിലെന്ന ചർച്ചകളിലാണ് യു.ഡി.എഫ്. നേതൃത്വം. മണ്ഡലത്തിലാകെ ബി.ജെ.പി. സ്ഥാനാർഥി പ്രകാശ് ബാബുവിനും വോട്ടുനിലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
Content Highlights: P.A. Mohamed Riyas maintained a lead in the Beypore constituency., P.V. Anwar successfully reduced LDF leads in traditional strongholds like Beypore and Cheruvannur., Unexpected vote leakage in UDF-dominated Ramanattukara and Feroke hindered Anwar's victory chances., BJP candidate Prakash Babu failed to secure significant vote gains in the constituency., Internal coordination issues are being debated within the UDF leadership following the results.