പഫ്സിൽനിന്ന് സ്‌ക്രബ്ബറിന്റെ കഷണം കിട്ടിയെന്നാരോപിച്ച് പണം തട്ടി; 'പഫ്സ് പഹയനെ’ത്തേടി ബേക്കറി ഉടമകൾ

പഫ്സിനുള്ളിൽ സ്റ്റീൽ സ്‌ക്രബ്ബറിന്റെ കഷണം കാണുന്ന രീതിയിലുള്ള ചിത്രം
പഫ്സിനുള്ളിൽ സ്റ്റീൽ സ്‌ക്രബ്ബറിന്റെ കഷണം കാണുന്ന രീതിയിലുള്ള ചിത്രം

കൊച്ചി: “ഇന്നലെ ഈ കടയിൽനിന്ന് എന്റെ ഭാര്യ വാങ്ങിയ പഫ്സിൽനിന്ന് പാത്രം കഴുകുന്ന സ്‌ക്രബ്ബറിന്റെ കഷണം കിട്ടി. എന്റെ മകൾ ഇത് കഴിച്ചിരുന്നു. സ്‌കാൻ ചെയ്തപ്പോൾ സ്‌ക്രബ്ബറിന്റെ അലുമിനിയം കഷണം അവളുടെ വയറ്റിലുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. ചികിത്സയ്ക്കുള്ള പണം നിങ്ങൾ തരണം.”- ജില്ലകൾ തോറും നടന്ന് ബേക്കറിക്കാരെ പറ്റിച്ച് പണം തട്ടുന്ന ‘പഫ്സ് പഹയ’ന്റെ വാക്കുകളാണിത്. ബേക്കറി ഉടമകളുടെ ഗ്രൂപ്പുകളിൽ മുഴുവൻ ഇപ്പോൾ ഈ പഹയന്റെ ചിത്രമാണ് ഓടിക്കൊണ്ടിരിക്കുന്നത്.

പാതി തിന്ന പഫ്സിനുള്ളിൽ സ്റ്റീൽ സ്‌ക്രബ്ബറിന്റെ കഷണം കാണുന്ന രീതിയിലുള്ള ചിത്രം മൊബൈലിലാക്കിയാണ് പഫ്സ് പഹയന്റെ നടപ്പ്. ബേക്കറികളിൽ കയറുന്നു, ചിത്രം കാണിക്കുന്നു, കാശ് ചോദിക്കുന്നു ഇതാണ് രീതി. എറണാകുളം സൗത്തിലെ ബേക്കറിയുടമയ്ക്കും കറുകപ്പിള്ളിയിലെ ബേക്കറി ഉടമയ്ക്കും സമാനമായ അനുഭവമുണ്ടായി. സൗത്തിലെ ബേക്കറിയുടമയ്ക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാൽ തട്ടിപ്പിൽ വീണില്ല. കറുകപ്പിള്ളിയിലെ ബേക്കറി ഉടമ തട്ടിപ്പുകാരനോട് പറഞ്ഞത് 'എന്റെ കടയിൽ സ്റ്റീൽ സ്‌ക്രബ്ബർ ഉപയോഗിക്കാറില്ല, നിങ്ങൾ എന്താന്ന് വെച്ചാൽ ചെയ്‌തോളൂ എന്നാണ്..'

രണ്ടിടത്തും വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ പഫ്സ് പഹയൻ ശാന്തനായി മടങ്ങി. കൊല്ലം സ്വദേശി എന്നാണ് ഇയാൾ ബേക്കറി ഉടമകളോട് പറഞ്ഞത്. പിന്നീട് ബേക്കറി ഉടമകളുടെ വാട്‌സപ്പ് ഗ്രൂപ്പിൽ ആലപ്പുഴ ജില്ലയിലും ഇതേയാൾ തട്ടിപ്പ് നടത്തിയത് വന്നതോടെയാണ് വ്യാപകമാണെന്നും ഒരേയാളാണ് ഇതിന് പിന്നിലെന്നും വ്യക്തമായത്. ആലപ്പുഴയിലെ സുഹൃത്തുക്കളായ ബേക്കറി ഉടമകൾക്ക് മൊബൈലിലേക്ക് ഒരേ ചിത്രം അയച്ച് കബളിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇരുവരും പരസ്പരം ഈ ചിത്രം കൈമാറിയതോടെയാണ് തട്ടിപ്പെന്ന് മനസ്സിലായത്. ഇയാളുടെ ഫോണിലേക്ക് തിരിച്ചുവിളിച്ചെങ്കിലും എടുത്തിട്ടില്ല. നിരവധി ബേക്കറി ഉടമകൾക്ക് ഈ തട്ടിപ്പിൽ പണം നഷ്ടമായിട്ടുണ്ടെന്നാണ് സൂചന.