സൗന്ദര്യത്തിന് ഡോക്ടറില്ലാ സര്‍ജറി; വല്യ 'പാടാ'കും

കോട്ടയം: സൗന്ദര്യം കൂട്ടാനിറങ്ങി ഉള്ള സൗന്ദര്യംകൂടി ഇല്ലാതായാലോ. ത്വക്കിലും ശരീരഭാഗങ്ങളിലും മാറ്റംവരുത്താനിറങ്ങുംമുമ്പ് വേണ്ടത് ജാഗ്രത. ബ്യൂട്ടിപാർലറുകൾ ഭൂരിഭാഗവും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമെങ്കിലും ലാഭംകൊയ്യാനിറങ്ങി അപകടം വരുത്തുന്നവരുമുണ്ട്.
സുന്ദരിയാകില്ല, രോഗിയാകും
തൊലിപ്പുറത്തെ പാടുമാറ്റാനും മറ്റുമായി ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കൂട്ടി(പീൽ)ന്റെ അനുപാതംതെറ്റി മുഖത്തും മറ്റും ആഴത്തിലുള്ള പരിക്കുമായിവന്ന പല രോഗികളെയും ചികിത്സിക്കേണ്ടിവരുന്നുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ത്വഗ്രോഗവിഭാഗം പ്രൊഫസർ ഡോ. എം.ഐ. സെലിൻ പറയുന്നു.
വിവാഹത്തിന് മൂന്നുനാൾമുമ്പാണ് ഒരു യുവതി പരാതിയുമായി എത്തിയത്. പീൽ ചെയ്തത് പാളിയതാണ്. ഒരുവർഷംകൊണ്ടാണ് മുഖത്തെ പാടുമാറിയത്. ഗ്ലൈക്കോളിക് ആസിഡാണ് പീലിനുള്ള പ്രധാന രാസവസ്തു. ഇത് നിശ്ചിത അളവിൽ നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.
മുടിവേണം, മുടിയാതെ
മുടിവളർത്തുന്നത് രണ്ടു രീതിയിലാണ്. പ്ലാസ്മ എടുത്തു തലയിൽ പലയിടത്തായി കുത്തിവെക്കുന്ന രീതിയാണ് ഒന്ന്. കൊഴിച്ചിൽ കുറയുകയും മുടിവളർച്ച മെച്ചമാകുകയും ചെയ്യും. ശസ്ത്രക്രിയാ മുറിയിലാണ് ഇതു ചെയ്യേണ്ടത്. പാളിയാൽ തലയോട്ടിക്കുമീതെ അണുബാധയുണ്ടാകുമെന്ന് മെഡിക്കൽ കോളേജിലെ ത്വഗ്രോഗവിഭാഗം അസി. പ്രൊഫസർ മേരി വിനീത പറയുന്നു. മുടിനടുന്ന (ഹെയർ ഫോളിക്കിൾ ട്രാൻസ്‌പ്ലാന്റേഷൻ) ചികിത്സയിൽ വലിയ കരുതൽവേണം.
കരിച്ചുകളഞ്ഞാൽ
മുഖത്തെയും ശരീരത്തെയും അരിമ്പാറ, മറുക്, മറ്റ് വളർച്ചകൾ എന്നിവയിലും ശ്രദ്ധവേണം. ഡോക്ടർ മാത്രം ചെയ്യേണ്ടവയും അല്ലാത്തതുമുണ്ട്. ത്വക്കിന്റെ സ്വഭാവംനോക്കാതെ ഇതുചെയ്ത ചിലരിൽ വലിയ കലകളുണ്ടായി. അണുമുക്തമാക്കിയ ഉപകരണങ്ങളല്ലെങ്കിൽ എച്ച്.ഐ.വി., ഹെപ്പറ്റെറ്റിസ് ബി എന്നിവ പകരാം.
Content Highlights: bad state of Beauty Treatments in Kerala