ജോണ്‍ പോളിന് സഹായം ലഭ്യമായില്ലെന്ന ആരോപണം അന്വേഷിക്കും, അപകടമുണ്ടായാലേ വരൂ എന്നില്ല- ഫയര്‍ഫോഴ്സ്

കൊച്ചി: തിരക്കഥാകൃത്ത് ജോണ്‍പോളിനുണ്ടായ ദുരനുഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും എറണാകുളം ജില്ലാ ഫയര്‍ ഓഫീസര്‍.
ജോണ്‍ പോളിന് സഹായം ലഭ്യമായില്ലെന്ന ആരോപണത്തില്‍ വിശദ അന്വേഷണത്തിന് ഫയര്‍ഫോഴ്സ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കും. വീഴ്ച കണ്ടെത്തിയാല്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കും. ജോണ്‍ പോളിനൊപ്പമുണ്ടായവര്‍ ആരെ, എപ്പോള്‍ വിളിച്ചു എന്നൊക്കെ പരിശോധിച്ചുവരികയാണ്. തൃപ്പൂണിത്തുറ, എറണാകുളം ഫയര്‍ സ്റ്റേഷനിലേക്ക് ഫോണ്‍ കോളുകള്‍ വന്നിട്ടില്ലെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.
ബെഡ്ഡിൽ നിന്ന് താഴെവീണ ജോൺപോളിനെ സഹായിക്കാൻ ആരും വന്നില്ല - കൈലാഷ്
അപകടമുണ്ടായാലേ വരൂ എന്ന നിലപാട് ഫയര്‍ ആന്റ് റസ്ക്യൂ സംഘത്തിനില്ല. ഫയര്‍ ഫോഴ്സിന്റെ സേവനത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയുന്നതാണ്. ആരും ഇങ്ങോട്ട് വിളിച്ചുപറയാതെ ടി.വി വാര്‍ത്തകളില്‍ കണ്ടിട്ട് ഞങ്ങള്‍ അങ്ങോട്ട് പോവാറുണ്ട്. 101 എന്ന നമ്പറില്‍ വിളിച്ചാല്‍ ഫയര്‍ ഫോഴ്സിന്റെ സേവനം ലഭിക്കുമെന്നും ഡി.എഫ്.ഒ വ്യക്തമാക്കി.
Content Highlights: bad experience faced by late scriptwriter John Paul ; Fire force directs to conduct inquiry