കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി ‘ആരവ്’ എത്തി

#സ്വന്തം ലേഖകൻ
പ്രതീകാത്മകചിത്രം -മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്
പ്രതീകാത്മകചിത്രം -മെറ്റ എഐയുടെ സഹായത്തോടെ നിർമിച്ചത്

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമസമിതി കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നലാമത്തെ അതിഥിയെത്തി. വ്യാഴാഴ്ച രാത്രി 10.37-നാണ് എഴ് ദിവസം പ്രായവും 3.500 ഗ്രാം ഭാരവും ഉള്ള ആൺകുട്ടി സംരക്ഷണാർഥം അമ്മത്തൊട്ടിലിൽ എത്തിയത്. യുദ്ധത്തിന്റെ മുൾമുനയിൽ നിൽക്കുന്ന അശാന്തിയുടെ കാലത്ത് ലോകജനത ഏറെ ആഗ്രഹിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും കരുണയുടെയും പ്രതീകമായി സമാധാനം എന്ന് അർഥം വരുന്ന 'ആരവ്' എന്ന് അതിഥിക്ക് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.

കുരുന്നിന്റെ വരവറിയിച്ചുകൊണ്ട് തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്‌സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങി. നേഴ്‌സിങ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇന്റർ കെയർ യൂണിറ്റിൽ എത്തിച്ച് പ്രഥമ പരിശോധനകൾ നടത്തി. വിവരം അറിയച്ചതിന് തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിൽ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. പൂർണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സംരക്ഷണയിലാണ്.

ആധുനിക സാങ്കേതിക വിദ്യയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇത് നലാമത്തെ കുരുന്നാണ് എത്തുന്നത്. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും. ആദ്യത്തെ കുട്ടിക്ക് ‘ആദി’യെന്നും രണ്ടാമത്തെ കുട്ടിക്ക് ‘ഹെർത്ത്യൂസ്’ എന്നും പേരിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരി 11-ന് ലഭിച്ച പെൺക്കുഞ്ഞിന് കവിയും ഗാനരചയിതാവുമായ ഗിരിഷ് പുത്തഞ്ചേരിയുടെ ഓർമ്മ നിലനിർത്തി ‘നിലാവ്’ എന്നും പേരിട്ടിരുന്നു.

Content Highlights: A newborn boy named 'Aarav' was safely received at the Kozhikode Ammathottil.