മലയാറ്റൂര്‍ ഇല്ലിത്തോട് ആനക്കുട്ടി പൊട്ടക്കിണറ്റില്‍വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മലയാറ്റൂര്‍ ഇല്ലത്തോട് പൊട്ടകിണറില്‍ വീണ ആനക്കുട്ടി
മലയാറ്റൂര്‍ ഇല്ലത്തോട് പൊട്ടകിണറില്‍ വീണ ആനക്കുട്ടി

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് ആനക്കുട്ടി പൊട്ടക്കിണറ്റില്‍ വീണു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പന്ത്രണ്ടടിയിലധികം താഴ്ചയുള്ള പൊട്ടക്കിണറ്റിലാണ് ആനക്കുട്ടി വീണത്. പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ആനക്കുട്ടി കിണറ്റില്‍ വീണ വിവരം അറിഞ്ഞത്. എന്നാല്‍ സമീപത്ത് തന്നെ മറ്റ് ആനകള്‍ നിലയുറപ്പിച്ചിരുന്നതുകൊണ്ട് അടുക്കാനായില്ല.

ആനക്കുട്ടിയുടെ ബഹളം കേട്ട് കാട്ടാനക്കൂട്ടം കിണറിന് വളരെ അകലെയല്ലാതെ തമ്പടിച്ചിരിക്കുന്നതും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്‌ വൈകാന്‍ കാരണമായി. കഴിഞ്ഞ നാല് ദിവസമായി വ്യാപകമായി ആനക്കൂട്ടം ഈ പ്രദേശത്തേക്ക് വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കാട്ടാന ശല്യം അതിരൂക്ഷമായ മേഖലയാണ് ഇതെന്നും ആനകള്‍ വ്യാപക കൃഷി നാശം നടത്തുന്നതായും പ്രദേശവാസികള്‍ പറയുന്നു. അതേസമയം പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണം; ആനക്കുട്ടിയെ രക്ഷിക്കുന്നതിനിടെ ഇല്ലിത്തോടില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പൊട്ടക്കിണറ്റില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ആനക്കുട്ടിയെ രക്ഷിക്കാനായി കൊണ്ടുവന്ന ജെ.സി.ബി. പ്രദേശവാസികള്‍ തടഞ്ഞു.

ഒടുവില്‍ ഫെന്‍സിങ് പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് ആനക്കുട്ടിയെ രക്ഷിക്കാനായി കൊണ്ടുവന്ന ജെ.സി.ബി. കടത്തി വിടാന്‍ നാട്ടുകാര്‍ തയ്യാറായത്. പ്രദേശത്ത് സ്ഥിരമായി വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

പ്രദേശത്ത് വ്യാപകകൃഷി നാശമാണ് വന്യമൃഗങ്ങള്‍ നടത്തുന്നത്. വന്യമൃഗ ശല്യം കാരണം കൃഷി ചെയ്ത് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍. കൃഷി നശിപ്പിച്ചതിന് ശേഷം മാസങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന നാമമാത്രമായ സര്‍ക്കാര്‍ സഹായം വേണ്ടെന്നും കൃഷി ചെയ്ത് ജീവിക്കാനുള്ളത് തങ്ങളുടെ അവകാശമാണെന്നും നാട്ടുകാര്‍ പറയുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടാനക്കുട്ടി കിണറില്‍ വീണത്. ആനക്കുട്ടിയുടെ ബഹളം കേട്ട് സമീപത്ത് തന്നെയുള്ള കാട്ടാനക്കൂട്ടം ഇവിടേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജെ.സി.ബി. ഉപയോഗിച്ച് കാട്ടാനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

Content Highlights: baby elepehant fell in well in malayattoor rescue process continous