ലീഗ് മതേതരമാണെങ്കിൽ ബി. ഗോപാലകൃഷ്ണനും മതേതരവാദിയാണ്- ബി. ഗോപാലകൃഷ്ണൻ

#ന്യൂസ് ഡെസ്‌ക്
ബി. ഗോപാലകൃഷ്ണൻ | Photo: Mathrubhumi
ബി. ഗോപാലകൃഷ്ണൻ | Photo: Mathrubhumi

ഗുരുവായൂർ: വിവാദമായ ഹിന്ദു എംഎൽഎ പരാമർശത്തിലുറച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. മുസ്‌ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പരിഹാസരൂപേണ അവകാശപ്പെട്ടു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെങ്കിൽ താനും ഒരു മതേതരവാദിയാണ്. ഇതിനോടൊപ്പംതന്നെ, ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി. സതീശനും കോൺഗ്രസും മതേതരവാദികളാണെങ്കിൽ താനും മതേതരവാദിയാണ്. പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽ.ഡി.എഫ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി.ഡി. സതീശന് എന്ത് ഡീൽ ആണുള്ളതെന്ന് വെളിപ്പെടുത്തണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. എൻ.ഡി.എഫിനും പോപ്പുലർ ഫ്രണ്ടിനും കേരളത്തിൽ പ്രവർത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് പിണറായി വിജയനാണെന്ന ആരോപണവും ഗോപാലകൃഷ്ണൻ ഉന്നയിച്ചു. ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, പി.ഡി.പി തുടങ്ങിയ സംഘടനകളുമായി പിണറായി വിജയനും വി.ഡി. സതീശനും ഉണ്ടാക്കിയിട്ടുള്ള രഹസ്യ ധാരണകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൻ നടത്തിയ പരാമർശങ്ങളിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: B. Gopalakrishnan stands firm on his controversial Hindu MLA statement., Challenges the secular claims of Muslim League, Congress, and LDF., Accuses political rivals of having secret alliances with Jamat-e-Islami and PFI., Demands transparency regarding political deals with extremist organizations.