ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

#മാതൃഭൂമി ന്യൂസ്
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. ഓഡിറ്റ് ആവശ്യങ്ങൾക്കായി ബോർഡിനോട് സ്വത്ത് രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടെങ്കിലും അവ നൽകാൻ അധികൃതർ തയ്യാറായില്ല. കണക്കുകളിലെ ഈ വ്യക്തതക്കുറവ് പരിഹരിക്കാൻ ഓഡിറ്റർക്ക് പത്ത് ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

ഓരോ പരിപാടികൾക്കും എത്ര തുക വീതം ചിലവായെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്ത വിധം കൺസോളിഡേറ്റഡ് ബില്ലുകളാണ് പല കാര്യങ്ങൾക്കും നൽകിയിരിക്കുന്നത് എന്ന് ഓഡിറ്റർ ചൂണ്ടിക്കാട്ടി. കരാർ വ്യവസ്ഥകൾ പ്രകാരം പണച്ചെലവ് പരിശോധിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നിട്ടും കൃത്യമായ നടപടികൾ ഉണ്ടായില്ല. ഓഡിറ്റർ പലതവണ കത്തുകൾ നൽകിയിട്ടും ദേവസ്വം ബോർഡ് കൃത്യമായ മറുപടി നൽകാത്തത് സാമ്പത്തിക ക്രമക്കേടുകളിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

ഫെബ്രുവരിയിൽ ലഭിച്ച ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കാതെ ദേവസ്വം കമ്മീഷണർ അത് കൈമാറിയത് വളരെ ലാഘവബുദ്ധിയോടെയുള്ള സമീപനമാണ്. ഈ സാഹചര്യത്തിൽ കണക്കുകൾ പരിശോധിക്കാൻ ബോർഡ് തന്നെ രൂപീകരിച്ച ടാസ്ക് ഫോഴ്സിനെ കോടതി തള്ളിക്കളയുകയും നേരിട്ട് പരിശോധനയിലേക്ക് കടക്കുകയും ചെയ്തു.

വെറും ഒരു ദിവസം മാത്രം നീണ്ടുനിന്ന ഒരു പരിപാടിയുടെ വരവ് ചെലവ് കണക്കുകൾ പോലും കൃത്യമായി ഹാജരാക്കാൻ കഴിയാത്തത് വലിയ വിരോധാഭാസമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കണക്കുകളിലെ ഈ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ബോർഡ് അംഗങ്ങളോ ഉദ്യോഗസ്ഥരോ ഉണ്ടെങ്കിൽ അവരുടെ മേൽ ബാധ്യത നിശ്ചയിക്കാനാണ് കോടതിയുടെ തീരുമാനം. പത്ത് ദിവസത്തിനുള്ളിൽ ഓഡിറ്റർ നൽകുന്ന പരിഹാര നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കോടതി ഈ കേസിൽ അന്തിമ തീരുമാനമെടുക്കും.

Content Highlights: Auditor reports major financial discrepancies in the Global Ayyappa Sangamam accounts. The High Court questions the Travancore Devaswom Board. Read the full report.