'രാഹുൽ നല്ല സുഹൃത്ത്, മോശമായിട്ട് പെരുമാറിയിട്ടില്ല'- അവന്തികയുടെ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുൽ

പത്തനംതിട്ട: രാഹുൽ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവർത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാൽ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്നും അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്നും രാഹുൽ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തിൽ പറയുന്നു.
ഓഗസ്റ്റ് ഒന്നിന് രാത്രി 8.24ന് അവന്തിക വിളിച്ചിരുന്നു. അവന്തികയെ ഒരു ന്യൂസ് റിപ്പോർട്ടർ വിളിക്കുകയും തനിക്കെതിരെ പരാതിയുണ്ടോയെന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചതായി അവന്തിക തന്നോട് പറഞ്ഞു. ചേട്ടനെ കുടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുണ്ടെന്നും കോൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അവന്തിക പറഞ്ഞു. താൻ അത് അവന്തികയോട് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോയെന്നും ജീവന് ഭീഷണിനിലനിൽക്കുന്ന സാഹചര്യമാണോ നിലനിൽക്കുന്നതെന്നും മാധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ വ്യക്തി ചോദിക്കുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണ്.
ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണെങ്കിൽ അവന്തിക എന്തിന് തന്നെ വിളിക്കണമെന്നും താൻ ചോദിച്ചിപ്പോൾ ഈ ശബ്ദസന്ദേശം അയച്ചുനൽകണമെന്നും രാഹുൽ ചോദിച്ചു. ഇതിലെന്ത് യുക്തിയാണെന്നുള്ളതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എത്രവലിയ കുറ്റവാളിയാണെങ്കിലും അവരുടെ വശം കൂടി കേൾക്കാനുള്ള അവകാശം ആ വ്യക്തിക്കുണ്ട്. കൂടുതൽ കാര്യങ്ങൾ ജനങ്ങളോട് പറയാനുണ്ട്. വാർത്തകൾ ചെയ്യുമ്പോൾ തന്റെ ഭാഗം കൂടി കേൾക്കാൻ തയാറാകുമെന്നാണ് വിശ്വസമെന്നും അദ്ദേഹം പറഞ്ഞു.
ഈ ശബ്ദസന്ദേശം പഴയതാണെന്നും പേടിച്ചിട്ടാണ് സംസാരിക്കാതിരുന്നതെന്നും അവന്തിക പ്രതികരിച്ചു. ആരോപണങ്ങൾ വരുന്നതിനും മുമ്പാണ് ഈ ശബ്ദസന്ദേശമെന്ന് അവന്തിക പറഞ്ഞെങ്കിലും ഓഗസ്റ്റ് ഒന്നിലെ ശബ്ദസന്ദശമാണിതെന്നത് നിഷേധിച്ചിട്ടില്ല. സൈബർ ആക്രമണത്തിൽ നല്ല ബുദ്ധിമുട്ടുണ്ടെന്നും അവന്തിക പറഞ്ഞു.
Content Highlights: Avantika denies misconduct allegations against Rahul Mankootathil voice note