ആറ്റുകാൽ പൊങ്കാല ശുചീകരണം: രാഷ്ട്രീയപ്പോര് മുറുകുന്നു

പ്രതീകാത്മകചിത്രം | ആറ്റുകാൽ പൊങ്കാല | Photo: UNI
പ്രതീകാത്മകചിത്രം | ആറ്റുകാൽ പൊങ്കാല | Photo: UNI

തിരുവനന്തപുരം: തിരഞ്ഞെടുപ്പടുത്തതോടെ ആറ്റുകാൽ പൊങ്കാലയെത്തുടർന്നുള്ള ശുചീകരണത്തെച്ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ശുചീകരണം പരാജയപ്പെട്ടെന്ന വാദവുമായി സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തി. നഗരശുചീകരണം സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നും ബി.ജെ.പി.യും പറയുന്നു. മന്ത്രിയും മേയറും വാക്കുകൾകൊണ്ടുള്ള ഏറ്റുമുട്ടലിലേക്ക് നേരിട്ട് എത്തിയിട്ടുണ്ട്. പൊങ്കാല ശുചീകരണത്തെക്കുറിച്ച് നിരവധി വ്യാജ പ്രചാരണങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. മുൻ വർഷങ്ങൾക്കു സമാനമായ പ്രവർത്തനങ്ങൾ തന്നെയാണ് ഇക്കൊല്ലവും നടന്നതെന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നത്.

സാധാരണ പൊങ്കാലദിവസം രാത്രിതന്നെ നഗരത്തിലെ പ്രധാന റോഡുകളെല്ലാം ശുചീകരിക്കാറുണ്ട്. ഇത്തവണയും കോർപ്പറേഷൻ ഈ രീതിതന്നെയാണ് പിന്തുടർന്നത്. ഇത്തവണ ചിലയിടങ്ങളിൽ മാലിന്യനീക്കം വൈകിയതായും ശുചീകരണത്തിൽ വീഴ്ചകൾ വന്നതായും ആരോപിച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ശുചീകരണപ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തുകയും ചെയ്തു.

മന്ത്രി ശിവൻകുട്ടി സ്വന്തം വകുപ്പു നോക്കിയാൽ മതിയെന്നും കോർപ്പറേഷന് ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാൻ അറിയാമെന്നും മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു. പൊങ്കാല ശുചീകരണം മുൻ തവണത്തെപ്പോലെ കാര്യക്ഷമമായി നടന്നില്ലെന്നാണ് കോൺഗ്രസിന്റെയും ആരോപണം.

ശുചീകരണദിവസം തന്നെ തർക്കങ്ങളും തുടങ്ങിയിരുന്നു. ആറ്റുകാലിൽ മേയർ വി.വി. രാജേഷ് ശുചീകരണം ഉദ്ഘാടനം ചെയ്തപ്പോൾ സ്‌പെൻസർ ജങ്ഷനിൽ മന്ത്രി വി. ശിവൻകുട്ടി മറ്റൊരു ഉദ്ഘാടനം നടത്തി. മുൻ മേയറും മന്ത്രിയുമൊക്കെയായ താനാണ് സീനിയറെന്നായിരുന്നു മന്ത്രിയുടെ വാദം. ഇത്തരം ഒരു ഉദ്ഘാടനം തങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് കോർപ്പറേഷൻ ഭരണസമിതി പറയുന്നത്.

ആറ്റുകാൽ ക്ഷേത്രവളപ്പിലെ ചെളിക്കെട്ടും പൊങ്കാല കഴിഞ്ഞതിനുശേഷം മാലിന്യങ്ങൾ നീക്കാത്തതും വിവാദമായി. ക്ഷേത്രവളപ്പിലെ കാര്യങ്ങൾ നോക്കുന്നതും കാലങ്ങളായി ശുചീകരണം നടത്തുന്നതും ക്ഷേത്ര അധികൃതരാണെന്ന് മേയർ പറഞ്ഞു. കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ അതും ചെയ്‌തേനെ എന്നും മേയർ പറഞ്ഞു.

ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ പാർട്ടി നേരിട്ടിറങ്ങുന്ന കാര്യം പാർട്ടി ആലോചിക്കുകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എ.എ. റഹീമും പറഞ്ഞു. എ.എ. റഹീം ജില്ലാ സെക്രട്ടറിയായെന്നറിയിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സി.പി.എം. പരാജയം അംഗീകരിക്കണമെന്നും മേയർ പറഞ്ഞു.

ശുചീകരണപ്രവർത്തനത്തിൽ വീഴ്ച-

കെ. മുരളീധരൻ, കോൺഗ്രസ് നേതാവ്

പൊങ്കാലയ്ക്കുശേഷമുള്ള ശുചീകരണപ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ട്. സമയബന്ധിതമായി ശുചീകരണം പൂർത്തിയാക്കാൻ കോർപ്പറേഷനായിട്ടില്ല.

വ്യാജ പ്രചാരണക്കാരെ തിരസ്‌കരിക്കും- 

വി.വി. രാജേഷ്, മേയർ

കോർപ്പറേഷന്റെ ഉത്തരവാദിത്വം നൂറുശതമാനം നിർവഹിച്ചിട്ടുണ്ട്. ഭരണം ബി.ജെ.പി.ക്കായതിനാൽ അസ്വസ്ഥതപൂണ്ട ചില സോഷ്യൽ മീഡിയാ സംഘങ്ങളും ചില മുതിർന്ന നേതാക്കളും വ്യാജ പ്രചാരണങ്ങളിലൂടെ ആറ്റുകാൽ പൊങ്കാലയുടെ വിജയത്തിന്റെ ശോഭ കെടുത്താൻ ശ്രമിക്കുന്നു. ഇത്തരക്കാരെ ജനം തിരസ്‌കരിക്കും.

കർശന ഇടപെടൽ- മന്ത്രി വി. ശിവൻകുട്ടി

കോർപ്പറേഷനാണ് ശുചീകരണ ചുമതല. എവിടെയെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കർശനമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും നഗരത്തെ പൂർവസ്ഥിതിയിലാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Content Highlights: Political clash between Thiruvananthapuram Corporation and State Ministers regarding post-Pongala cleaning., Allegations of inefficiency in waste management raised by CPM and Congress leaders., Mayor defends Corporation's performance, labeling accusations as politically motivated., Government intervention sought via RDO to investigate alleged cleaning lapses.