'പണിയെടുത്തതിന്റെ കൂലി ചോദിച്ചാണ് ഈ സമരം, മനുഷ്യരായി ജീവിക്കാന്‍ പറ്റണം'; എളമരത്തിന് ആശമാരുടെ മറുപടി

സമരം ചെയ്യുന്ന ആശാ വർക്കർമാർ | സ്ക്രീൻ​ഗ്രാബ്
സമരം ചെയ്യുന്ന ആശാ വർക്കർമാർ | സ്ക്രീൻ​ഗ്രാബ്

തിരുവനന്തപുരം: ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയം​ഗം എളമരം കരീമിന്റെ ലേഖനത്തിൽ പ്രതികരണവുമായി സമരരം​ഗത്തുള്ള ആശ വർക്കർമാർ. എളമരം കരീം എന്താണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാവുന്നില്ലെന്ന് അവർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. എളമരം കരീം പറയുന്നതുപോലുള്ളവരുടെ പിന്തുണയൊന്നും തങ്ങളുടെ സമരത്തിനില്ലെന്നും അവർ പറഞ്ഞു.

പണിയെടുക്കുന്നതിനുള്ള വേതനം കിട്ടുന്നതിനായാണ് പ്രതിഷേധിക്കുന്നതെന്ന് ആശ വർക്കർമാർ പറയുന്നു. പിരിഞ്ഞുപോകുമ്പോൾ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കിട്ടണം. മനുഷ്യരായി ജീവിക്കാൻ പറ്റുന്ന നിലയിലെത്തണം. അതിനുവേണ്ടി സമരത്തിന് വന്നവരെ ഈ രീതിയിൽ അവഹേളിക്കുക എന്നുപറഞ്ഞാൽ, തൊഴിലാളി വർ​ഗത്തിന്റെ നേതാവായി നിന്നുകൊണ്ട് അങ്ങനെ പറയുന്നത് വളരെ അപമാനകരമാണെന്നും അവർ പറഞ്ഞു.

"സമരപ്പന്തലിൽ ഒരു രാഷ്ട്രീയപ്പാർട്ടികളുടേയും കൊടി പോലുമില്ല. എന്നിട്ടും ഇങ്ങനെ ഒരു ആരോപണം വന്നതെങ്ങനെയെന്ന് അറിയില്ല. സമരത്തിനിരിക്കുന്നവരിൽ ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയമുണ്ട്. അവരിൽ കോൺ​ഗ്രസുകാരും സി.പി.എമ്മുകാരും ഇക്കൂട്ടത്തിലുണ്ട്. കൊടിയുടെ നിറം നോക്കാതെ, കക്ഷി രാഷ്ട്രീയത്തിനും ജാതിക്കും മതത്തിനും അതീതമായാണ് ഞങ്ങളിവിടെ ഒന്നിച്ചുനിൽക്കുന്നത്. ആശമാർ ഓരോ വീടുകളിലും ചെല്ലുന്നത് അവർ ഏത് രാഷ്ട്രീയപ്പാർ‌ട്ടിക്കാരാണ് എന്ന് നോക്കിയിട്ടല്ല. രോ​ഗിയും ആശമാരും തമ്മിലുള്ളത് വലിയൊരു ബന്ധമാണ്." പ്രതിഷേധക്കാരുടെ വാക്കുകൾ.

ആരോ​ഗ്യമേഖലയിലെ അടിസ്ഥാനവിഭാ​ഗമായി പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. വലിയൊരു ബന്ധമാണ് ജനങ്ങളുമായുള്ളത്. അവിടെ രാഷ്ട്രീയം നോക്കിയല്ല പണിയെടുക്കുന്നത്. മുഖ്യമന്ത്രി ഇതിനകംതന്നെ പ്രശ്നത്തിൽ ഇടപെടണമായിരുന്നു. നവോത്ഥാന കേരളമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് തങ്ങളുടെ സമരം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെടാത്തതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തുന്ന സമരം പതിനഞ്ച് ദിവസമായിരിക്കുകയാണ്. 

Content Highlights: Asha workers in Kerala protest for better wages refuting CPM leader Elammaram Kareem`s allegations